യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ലൊവാക്യയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവ്. ഇഞ്ചുറി ടൈമില്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമും എക്‌സ്ട്രാ ടൈമില്‍ ബയേണ്‍ മ്യൂണിക് സ്‌ട്രൈക്കര്‍ ഹാരി കെയ്നും ആയിരുന്നു ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത്.
മത്സരത്തില്‍ ജൂഡ് നേടിയ തകര്‍പ്പന്‍ ഗോളായിരുന്നു ഏറെ ശ്രദ്ധ നേടിയത്. ഈ ഗോളാണ് ഇംഗ്ലണ്ടിന് വീണ്ടും മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. കോര്‍ണറില്‍ നിന്നും ലഭിച്ച പന്ത് ഒരു തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്ക് ലൂടെ റയല്‍ മാഡ്രിഡ് താരം ഗോളാക്കി മാറ്റുകയായിരുന്നു.
ഇപ്പോഴിതാ ഈ തകര്‍പ്പന്‍ ബൈസിക്കിള്‍ ഗോള്‍ നേടിയപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജൂഡ് ബെല്ലിങ്ഹാം.
ബൈസിക്കിള്‍ ഗോള്‍ നേടിയപ്പോള്‍ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലെയാണ് തനിക്ക് തോന്നിയതെന്ന് ജൂഡ് പറഞ്ഞത്. ഇംഗ്ലണ്ടിന്റെ സോഷ്യല്‍ മീഡിയ ചാനലായ ദി ഡയറി റൂമിലൂടെ പ്രതികരിക്കുകയായിരുന്നു ഇംഗ്ലണ്ട് താരം.
‘മത്സരത്തിൽ നേടിയ ഗോൾ എല്ലാംകൊണ്ടും വളരെ മികച്ചതായിരുന്നു. ആ സമയത്ത് എനിക്ക് കൃത്യമായ സ്ഥലത്തായിരുന്നു. അപ്പോൾ പന്ത് അല്പം പിറകിലായിരുന്നു ഉണ്ടായിരുന്നത്. ഞാൻ ഷോട്ട് എടുക്കാനായി ചാടിയ സമയത്ത് ഞാൻ റൊണാൾഡോയെ പോലെയാണെന്ന് കരുതി. ഇത് എന്റെ ഫുട്‌ബോൾ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ടതും അവിസ്മരണീയവുമായ നിമിഷങ്ങളിൽ ഒന്നായിരുന്നു,’ ജൂഡ് ബെല്ലിങ്ഹാം പറഞ്ഞു.
അതേസമയം നിലവില്‍ ജൂലൈ ആറിന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട്. പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ പരാജയപ്പെടുത്തി എത്തിയ സ്വിറ്റ്‌സര്‍ലാന്‍ഡാണ് ജൂഡിന്റെയും കൂട്ടരുടെയും എതിരാളികള്‍.
Content Highlight: Jude Bellingham Talks about His Great Goal Against Slovakia