| Thursday, 22nd August 2024, 1:43 pm

ആരാണ് ഗോട്ട്? മെസിയുമല്ല റൊണാള്‍ഡോയുമല്ല; ആഫ്രിക്കന്‍ ലെജന്‍ഡിന്റെ പേര് പറഞ്ഞ് ബെല്ലിങ്ഹാം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരാണ്? മെസിയോ അതോ റൊണാള്‍ഡോയോ? കാലങ്ങളായി തുടരുന്ന ഈ ഫാന്‍ ഡിബേറ്റിന് ഇനിയും അവസാനമായിട്ടില്ല. ഫുട്ബോള്‍ കളിക്കാരും പരിശീലകരും ആരാധകരും പതിവായി നേരിടുന്ന ചോദ്യമാണ് മെസിയാണോ റോണോയാണോ ഗോട്ട് എന്ന്.

ഈ ഫാന്‍ ഡിബേറ്റില്‍ തന്റെ ഇഷ്ടതാരത്തെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പര്‍താരം ജൂഡ് ബെല്ലിങ്ഹാം.

മെസിയാണോ റോണോയാണോ ഗോട്ട് അഥവാ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഇവര്‍ രണ്ട് പേരുമല്ല ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ ലെജന്‍ഡ് മുഹമ്മദ് സലയാണ് മികച്ച താരമെന്നുമായിരുന്നു ബെല്ലിങ്ഹാം അഭിപ്രായപ്പെട്ടത്.

എന്നാല്‍ മെസി-റൊണാള്‍ഡോ എന്നിവരില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മെസിയുടെ പേരാണ് റയല്‍ സൂപ്പര്‍ താരം പറഞ്ഞത്.

കരിയറില്‍ അന്താരാഷ്ട്ര തലത്തിലും ക്ലബ്ബ് ഫുട്‌ബോളിലും കൂടുതല്‍ സ്‌കോര്‍ ചെയ്തത് മെസിയാണെന്നും അദ്ദേഹത്തിന്റെ പ്രകടനം കാണുന്നവര്‍ മെസിയുടെ ഫാന്‍ ആയി മാറുമെന്നും ബെല്ലിങ്ഹാം പറഞ്ഞു.

ഓരോ തവണ മെസിയുടെ പ്രകടനം നോക്കിക്കാാണുമ്പോഴും അതില്‍ എന്തെങ്കിലുമൊക്കെ പ്രത്യേകതയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മെസിയാണ് എന്റെ ഇഷ്ടതാരം. നിങ്ങള്‍ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ആലോചിച്ച് നോക്കൂ. എത്ര നന്നായിട്ടാണ് മെസി കളത്തില്‍ തുടരുന്നതെന്ന്. ഓരോ തവണ ഞാന്‍ അദ്ദേഹത്തിന്റെ കളി കാണുമ്പോഴും എന്തെങ്കിലുമൊക്കെ പ്രത്യേകത അതിനുണ്ടാകും. മെസിയൊരു സാധാരണ മനുഷ്യനല്ല എന്നാണ് അപ്പോള്‍ ഞാന്‍ ചിന്തിക്കാറുള്ളത്,’ ബെല്ലിങ്ഹാം പറഞ്ഞു.

ബാഴ്സക്കൊപ്പം സ്പെയ്നും യൂറോപ്പും കീഴടക്കിയ താരം പി.എസ്.ജിക്കൊപ്പം ഫ്രാന്‍സും കീഴടക്കി. ലോകകപ്പടക്കം അര്‍ജന്റീനയെ നാല് കിരീടങ്ങളണിയിച്ച താരം ഇന്റര്‍ മയാമിയെ അവരുടെ ചരിത്രത്തിലെ ആദ്യ കിരീടത്തിലേക്കും നയിച്ചിരുന്നു.

ഇതിന് പുറമെ ഏറ്റവുമധികം കിരീടം നേടുന്ന താരമെന്ന നേട്ടവും മെസി സ്വന്തമാക്കിയിരുന്നു. 2024ല്‍ അര്‍ജന്റീന കൊളംബിയയെ തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം തവണ കോപ്പ കിരീടം ചൂടിയപ്പോള്‍ 45ാം ട്രോഫിയാണ് അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

താന്‍ പന്തുതട്ടി കളിയടവ് പഠിച്ച ബാഴ്‌സലോണക്ക് വേണ്ടിയാണ് മെസി ഏറ്റവുമധികം കിരീടം സ്വന്തമാക്കിയത്. ലാലീഗയും ചാമ്പ്യന്‍സ് ലീഗ് കിരീടവും ക്ലബ്ബ് വേള്‍ഡ് കപ്പുമടക്കം 35 തവണയാണ് മെസി കറ്റാലന്‍മാര്‍ക്കൊപ്പം കിരീടവുമായി പോഡിയത്തിലേറിയത്.

ദേശീയ ടീമിനൊപ്പമാണ് മെസി ശേഷം ഏറ്റവുമധികം കിരീടം നേടിയത്. ആറെണ്ണം. 2024 കോപ്പ അമേരിക്ക കിരീടത്തിന് പുറമെ 2020 കോപ്പ അമേരിക്ക കിരീടവും ഖത്തര്‍ ആതിഥേയരായ 2022 ലോകകപ്പും ഫൈനലിസിമ കിരീടവും മെസി അര്‍ജന്റീനയെ ചൂടിച്ചു.

2020 കോപ്പ അമേരിക്കയുടെ സൂപ്പര്‍ ക്ലാസിക്കോ ഫൈനലില്‍ ചിര വൈരികളായ ബ്രസീലിനെ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കോപ്പ അമേരിക്കയില്‍ മുത്തമിട്ടത്. യൂറോ ചാമ്പ്യന്‍മാരായെത്തിയ അസൂറികളായിരുന്നു ഫൈനലിസിമയില്‍ മെസിയുടെയും സംഘത്തിന്റെയും എതിരാളികള്‍.

പി.എസ്.ജിക്കൊപ്പം മൂന്ന് കിരീടം നേടിയ മെസി ഇന്റര്‍ മയാമിയെ അവരുടെ ചരിത്രത്തിലെ ആദ്യ കിരീടവും ചൂടിച്ച് മറ്റൊരു ട്രോഫിയും തന്റെ പോര്‍ട്‌ഫോളിയോയില്‍ ചേര്‍ത്തുവെച്ചു.

Content Highlight: Jude Bellingham shares his opinion in GOAT debate

We use cookies to give you the best possible experience. Learn more