പുതിയ ക്ലബിനൊപ്പം ഐതിഹാസികമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ഇംഗ്ലീഷ് യുവതാരം.
ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും റയൽ മാഡ്രിഡിനായി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടുന്ന നാലാമത്തെ താരമായി ഇംഗ്ലണ്ട് യുവതാരം ജൂഡ് ബെല്ലിങ്ഹാം.
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, സ്പാനിഷ് താരങ്ങളായ ഇസ്‌ക്കൊ, മാർകൊ അസൻസിയോ എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്.
ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ബുണ്ടസ് ലീഗ ക്ലബ്ബ് യൂണിയൻ ബെർലിനെ ഒരു ഗോളിനായിരുന്നു റയൽ തോൽപ്പിച്ചത്. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ ആയിരുന്നു ജൂഡിന്റെ വിജയഗോൾ. എതിർ ടീമിന്റെ പ്രതിരോധത്തിലുണ്ടായ പിഴവുകൾ മുതലെടുത്ത് താരം ഗോൾ നേടുകയായിരുന്നു. ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടിയത് ജൂഡിനെ ഇതിഹാസ താരത്തിന്റെ കൂടെയുള്ള നേട്ടത്തിലേക്കാണ് എത്തിച്ചത്.
ലാ ലിഗയിലെ തന്റെ ആദ്യ മത്സരത്തിലും ജൂഡ് ബെല്ലിങ്ഹാം ഗോൾ നേടിയിരുന്നു. അത്‌ലറ്റിക് ക്ലബ്ബിനെതിരെയായിരുന്നു താരത്തിന്റ അരങ്ങേറ്റ ഗോൾ. റയൽ മാഡ്രിനായി ആറ് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ താരം നേടിയിട്ടുണ്ട്.
ജർമൻ വമ്പൻമാരായ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും ഈ സീസണിലാണ് താരം സാന്റിയാഗോ ബെര്ണബ്യൂവിൽ എത്തുന്നത്. ബൊറൂസിയ ഡോർട്മുണ്ടിന് വേണ്ടി 132 മത്സരങ്ങളിൽ നിന്നും 24 ഗോളുകളും 18 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
ലാ ലിഗയിൽ സെപ്റ്റംബർ 25ന് സാന്റിയാഗോ ബെര്ണബ്യൂവിൽ അത്‌ലറ്റികോ മാഡ്രിഡുമായാണ് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം.
Content Highlight: Jude Bellingham scored the first goal for Real Madrid in the Champions League.