സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിനായി ഇംഗ്ലണ്ട് യുവതാരം ജൂഡ് ബെല്ലിങ്ഹാം ഇപ്പോൾ മിന്നും ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ താരം നേടിയ അത്ഭുതഗോളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഇതിനോടകം തന്നെ താരത്തിന്റെ ഈ ത്രസിപ്പിക്കുന്ന ഗോൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് സി യിൽ നടന്ന മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബ് നാപ്പോളിക്കെതിരെയാണ് ജൂഡ് ബെല്ലിങ്ഹാം ഈ അവിശ്വസനീയമായ ഗോൾ നേടിയത്. മത്സരത്തിൽ റയൽ മാഡ്രിഡ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് നാപ്പോളിയെ തകർത്തിരുന്നു.
താരത്തിന്റെ സെൻസേഷണൽ ഗോളോടെ ആരാധകർ ജൂഡിനെ ഇതിഹാസതാരം ലയണൽ മെസി നേടിയ ഗോളുമായി താരതമ്യം ചെയ്തുകൊണ്ട് ആരാധകർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി.
മത്സരത്തിന്റെ 34ാം മിനിട്ടിലായിരുന്നു ബെല്ലിങ്ഹാമിന്റെ അവിശ്വസനീയമായ ഗോൾ പിറന്നത്. മൈതാനത്തിന്റെ മധ്യഭാഗത്തുനിന്നും പന്തുമായി ഒറ്റക്ക് മുന്നേറിയ താരം നാപ്പോളി പ്രതിരോധനിര താരങ്ങളെയെല്ലാം മറികടന്നുകൊണ്ട് ബോക്സിനുള്ളിൽ നിന്നും പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യുകയായിരുന്നു. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടി റയലിന്റെ വിജയത്തിൽ നിർണായക പങ്കുവഹിക്കാനും താരത്തിന് സാധിച്ചു.
ഇതാണ് പുതിയ മെസിയെന്നും അവനാണ് ഇപ്പോഴത്തെ ഏറ്റവും മികച്ച സ്ട്രൈക്കർ എന്നുമാണ് ആരാധകർ കുറിച്ചത്. ‘ഇതാണോ പുതിയ മെസി?,’ ആരാധകൻ ട്വീറ്റ് ചെയ്തു.
‘അവനാണ് ഏറ്റവും മികച്ച സ്‌ട്രൈക്കർ’ മറ്റൊരു ആരാധകൻ കമന്റ് ചെയ്തു.
ജർമൻ വമ്പൻമാരായ ബോറൂസിയ ഡോർട്മുണ്ടിൽ നിന്നും ഈ സീസണിലാണ് താരം സാൻഡിയാഗോ ബെർണബ്യുവിൽ എത്തിയത്. റയൽ മാഡ്രിന് വേണ്ടി ഒൻപത് മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
നാപ്പോളിയുടെ ഹോം ഗ്രൗണ്ടായ ഡിഗൊ മറഡോണ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 19ാം മിനിട്ടിൽ ലിയോ സ്കിരി ഒസ്റ്റിഗാർഡിലൂടെ ആതിഥേയരാണ് ആദ്യം ലീഡെടുത്തത്. വലത് കോർണറിൽ നിന്നും ഒരു തകർപ്പൻ ഹെഡറിലൂടെ താരം ലക്ഷ്യം കാണുകയായിരുന്നു.
മത്സരത്തിന്റെ 27ാം മിനിട്ടിൽ റയൽ മത്സരത്തിൽ ഒപ്പമെത്തി. നാപ്പോളി പ്രതിരോധനിര താരത്തിന്റെ പിഴവിൽ നിന്നും പന്ത് കൈക്കലാക്കിയ ജൂഡിന്റെ പാസിൽ നിന്നും വിനീഷ്യസ് ജൂനിയർ പെനാൽട്ടി ബോക്സിൽ നിന്നും ഗോൾ നേടുകയായിരുന്നു.
മത്സരത്തിന്റെ 34ാം മിനിട്ടിൽ ജൂഡിന്റെ അവിശ്വസനീയ ഗോളിലൂടെ റയൽ 2-1ന് മുന്നിലെത്തി. ഒടുവിൽ ആദ്യപകുതി പിന്നിടുമ്പോൾ സന്ദർശകർ 2-1 മുന്നിട്ടുനിന്നു. മത്സരത്തിന്റെ 54ാം മിനിട്ടിൽ റയൽ മാഡ്രിഡ് നായകൻ നാച്ചോ നാപ്പോളി താരത്തെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ഇറ്റാലിയൻ ടീം വീണ്ടും മത്സരത്തിൽ ഒപ്പമെത്തി.
മത്സരത്തിന്റെ 78ാം മിനിട്ടിൽ വാൽ വേർദെ വിജയഗോൾ നേടുകയായിരുന്നു. വലതു ഭാഗത്തുനിന്നുള്ള കോർണറിൽ നിന്നും റീബൗണ്ട് താരം പെനാൽട്ടി ബോക്സിന്റെ പുറത്തുനിന്നും ഒരു ബുള്ളറ്റ് ഷോട്ട് പോസ്റ്റിലേക്ക് പായിക്കുകയായിരുന്നു. നാപോളി ഗോൾ കീപ്പർ അലക്സ് മെറട്ടിന്റെ കയ്യിൽ ഡിഫ്ലക്ഷൻ ഉണ്ടായതിനാൽ അതൊരു ഓൺ ഗോളായി രേഖപ്പെടുത്തുകയായിരുന്നു.
ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കുകയായിരുന്നു.
ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സി യിൽ രണ്ട് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.
ലാ ലിഗയിൽ ഒക്ടോബർ ഏഴിന് ഒസാസുനക്കെതിരെയാണ് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യുവിൽ വെച്ചാണ് റയലിന്റെ അടുത്ത മത്സരം.