റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പര്‍താരം ജൂഡ് ബെല്ലിങ്ഹാം ഫുട്‌ബോളില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലണ്ട് ഇതിഹാസം വെയ്ന്‍ റൂണിയാണ് തന്നെ വളര്‍ന്നുവരുമ്പോള്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയെന്നാണ് ജൂഡ് പറഞ്ഞത്.
‘എന്നെ സംബന്ധിച്ചിടത്തോളം റൂണിയാണ് വളര്‍ന്നു വരുമ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി. ഇംഗ്ലണ്ടില്‍ അദ്ദേഹം കളിച്ച രീതികള്‍ ഫുട്‌ബോളില്‍ അദ്ദേഹം നടത്തിയ പോരാട്ടവീര്യങ്ങള്‍ എല്ലാം വളരെയധികം സ്വാധീനിച്ചു,’ ജൂഡിനെ ഉദ്ധരിച്ച് യു.ടി.ഡി ഡിസ്ട്രിക്ട് റിപ്പോര്‍ട്ട് ചെയ്തു.
🎙️ | Jude Bellingham: “For me, I would probably say that [Wayne] Rooney was my biggest influence growing up. Being from England, the way he played, the way he fought…” pic.twitter.com/asQ8RZc3UA
ഈ സമ്മറില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമാണ് ജൂഡ് ബെല്ലിങ്ഹാം റയല്‍ മാഡ്രിഡില്‍ എത്തുന്നത്. റയലിനായി സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ഗോളടിമേളം നടത്തി മിന്നും ഫോമിലാണ് ഈ ഇംഗ്ലണ്ടുകാരന്‍.
റയലിനായി ഈ സീസണില്‍ 17 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ജൂഡ് 15 ഗോളുകളും നാല് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയിട്ടുണ്ട്. റയല്‍ മാഡ്രിനായി ഒരുപിടി മികച്ച നേട്ടങ്ങളും ജൂഡ് സ്വന്തമാക്കിയിരുന്നു.
റയല്‍ മാഡ്രിഡിനായി ആദ്യ പത്തു മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്ന പോര്‍ച്ചുഗീസ് ഇതിഹാസം റൊണാള്‍ഡോയുടെ നേട്ടവും ജൂഡ് മറികടന്നിരുന്നു.
അതേസമയം ഇംഗ്ലീഷ് ഇതിഹാസം റൂണി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം അവിസ്മരണീയമായ ഒരു കരിയറാണ് കെട്ടിപ്പടുത്തുയര്‍ത്തിയത്. 13 സീസണുകളിലായി റെഡ് ഡെവിള്‍സിനൊപ്പം കളിച്ച റൂണി 559 മത്സരങ്ങളില്‍ നിന്ന് 253 ഗോളുകള്‍ നേടിയിട്ടുണ്ട്. ഓള്‍ഡ് ട്രഫോഡില്‍ യൂണൈറ്റഡിനൊപ്പം അഞ്ച് പ്രീമിയര്‍ ലീഗും ഒരു യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടവും റൂണി നേടിയിട്ടുണ്ട്.
Content Highlight: Jude Bellingham reveals Wayne Rooney is his inspiration in football.