| Wednesday, 4th October 2023, 6:06 pm

ജൂഡ് അടുത്ത മറഡോണ; താരതമ്യം ചെയ്യുന്നവർക്ക് ശക്തമായി മറുപടി നൽകി ഇംഗ്ലീഷ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

റയൽ മാഡ്രിഡിന്റെ ഇംഗ്ലണ്ട് യുവതാരം ജൂഡ് ബെല്ലിങ്ഹാം മികച്ച പ്രകടനമാണ് ഈ സീസണിൽ കാഴ്ചവെക്കുന്നത്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ സിയിൽ നടന്ന മത്സരത്തിൽ നാപ്പോളിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്.

നാപ്പോളിയുടെ ഹോം ഗ്രൗണ്ടായ ഡീഗോ മറഡോണ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജൂഡ് മികച്ച പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവെച്ചത്.

മത്സരത്തിൽ ജൂഡ് ഒരു അവിശ്വസനീയമായ ഗോൾ നേടിയിരുന്നു. മത്സരത്തിന്റെ 34ാം മിനിട്ടിലായിരുന്നു താരത്തിന്റെ മിന്നും ഗോൾ. മധ്യനിരയിൽ ഒറ്റക്ക് പന്തുമായി മുന്നേറിയ ജൂഡ് പെനാൽട്ടി ബോക്സിൽ നിന്നും പോസ്റ്റിലേക്ക് ഷൂട്ട്‌ ചെയ്യുകയായിരുന്നു. ഈ ഗോളിന് പിന്നാലെ സോഷ്യൽ മീഡിയയിൽ താരത്തെ പ്രശംസിച്ചുകൊണ്ട് ആരാധകർ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ പലരും ജൂഡ് ബെല്ലിംങ്ഹാമിനെ അർജന്റെയ്ൻ ഇതിഹാസമായ ഡീഗോ മറഡോണയുമായി താരതമ്യപ്പെടുത്തിയിരിക്കുന്നു. എന്നാൽ തന്നെ ഇതിഹാസത്തോടൊപ്പം താരതമ്യപ്പെടുത്തിയതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ജൂഡ്.

‘എന്നെ ഇതിഹാസതാരം മറഡോണയുമായി താരതമ്യം ചെയ്യുന്നത് കുറച്ച് കൂടുതലാണ്. അദ്ദേഹത്തിന്റെ കളികൾ ഞാൻ യൂട്യൂബിലും ഡോക്യുമെന്ററികളിലൂടെയും കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മികവ് എന്താണെന്ന് എനിക്കറിയാം. മത്സരത്തിൽ നല്ല ഒരു അവസരമായിരുന്നു അത് അത് ഞാൻ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു,’ ബെല്ലിങ്ഹാം പറഞ്ഞു.

2023ൽ ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും 88 മില്യൺ യൂറോക്കാണ് ജൂഡിനെ റയൽ മാഡ്രിഡ് സ്വന്തം തട്ടകത്തിൽ എത്തിച്ചത്. റയൽ മാഡ്രിഡിനായി എട്ട് മത്സരങ്ങളിൽ നിന്നും ഒൻപത് ഗോളുകളാണ് താരം നേടിയത്. താരത്തിന്റെ ഈ മിന്നും ഫോം വരും ദിവസങ്ങളിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlight: Jude bellingham reacts to his comparison with Maradona.

We use cookies to give you the best possible experience. Learn more