സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലെ മികച്ച താരം ആരെന്ന് പറഞ്ഞ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം. ടോണി ക്രൂസ് ആണ് ലോസ് ബ്ലാങ്കോസിലെ തന്റെ ഇഷ്ട താരമെന്നാണ് ജൂഡ് പറഞ്ഞത്. അദ്ദേഹം ഒരു മാസ്റ്റര്‍ ആണെന്നും ക്രൂസില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ച കാര്യം അദ്ദേഹത്തിന്റെ പാസിങ് ആണെന്നും ജൂഡ് പറഞ്ഞു.
‘സത്യസന്ധമായി പറഞ്ഞാല്‍ ക്രൂസില്‍ നിന്ന് ബോള്‍ സ്വീകരിക്കുന്നത് വലിയ ആനന്ദം നല്‍കുന്ന കാര്യമാണ്. അദ്ദേഹം ഒരു മാസ്റ്റര്‍ ആണ്. എന്നെ ഏറ്റവും ആകര്‍ഷിച്ചത് അദ്ദേഹം പന്ത് പാസ് ചെയ്യുന്ന രീതിയാണ്. അദ്ദേഹം എങ്ങോട്ടേക്കാണോ ഉദ്ദേശിച്ചത് അവിടേക്ക് കൃത്യമായി ബോള്‍ എത്തും.
എനിക്കറിയാവുന്ന കാര്യം ഞാന്‍ അദ്ദേഹത്തിനും പഠിപ്പിച്ച് കൊടുക്കാറുണ്ട്. പരസ്പരം നന്നായി മനസിലാക്കി മികച്ച ഒരു ഗെയിം കളിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,’ ജൂഡ് പറഞ്ഞു.
അതേസമയം, 103 ദശലക്ഷം യൂറോ നല്‍കിയാണ് ജൂഡ് ബെല്ലിങ്ഹാമിനെ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് റയല്‍ മാഡ്രിഡ് ടീമിലെത്തിച്ചത്. അടുത്ത ആറ് സീസണുകളില്‍ താരം സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം പന്ത് തട്ടും.
ബുണ്ടസ് ലിഗയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബെല്ലിങ്ഹാം ആയിരുന്നു ഇക്കൊല്ലത്തെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവുമധികം ആവശ്യക്കാരുണ്ടായിരുന്ന ഇംഗ്ലീഷ് യുവതാരം. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, പി.എസ്.ജി, ലിവര്‍പൂള്‍ എന്നിവരും താരത്തിനായി രംഗത്തെത്തിയിരുന്നു.
2020ല്‍ പതിനാറാമത്തെ വയസിലാണ് ബെല്ലിങ്ഹാം സ്വദേശമായ ബര്‍മിങ്ഹാമില്‍ നിന്ന് ജര്‍മനിയിലേക്ക് പോയത്.
ബൊറൂസിയക്കൊപ്പം കഴിഞ്ഞ മൂന്ന് സീസണുകളിലായി 132 മത്സരങ്ങള്‍ കളിച്ച ബെല്ലിങ്ഹാം 24 ഗോളുകള്‍ നേടി. 12 വര്‍ഷത്തിന് ശേഷം ബൊറൂസിയയെ ബുണ്ടസ് ലിഗ ജേതാക്കളാക്കുന്നതിന് തൊട്ടടുത്ത് വരെ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പരിക്കേറ്റതിനെ തുടര്‍ന്ന് അവസാന മത്സരത്തില്‍ കളിക്കാന്‍ ജൂഡിന് കഴിഞ്ഞിരുന്നില്ല. ഇതോടെ ടീം സമനില വഴങ്ങി കിരീടം അടിയറവെക്കുകയും ചെയ്തിരുന്നു.
Content Highlights: Jude Bellingham praises Tony Kroos