സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലെ മികച്ച കളിക്കാരന്‍ ആരെന്ന് പറഞ്ഞ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം. ടോണി ക്രൂസ് ആണ് ലോസ് ബ്ലാങ്കോസിലെ തന്റെ ഇഷ്ട താരമെന്നാണ് ജൂഡ് പറഞ്ഞത്. അദ്ദേഹം ഒരു മാസ്റ്റര്‍ ആണെന്നും ക്രൂസില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ച കാര്യം അദ്ദേഹത്തിന്റെ പാസിങ് ആണെന്നും ജൂഡ് പറഞ്ഞു.
‘സത്യസന്ധമായി പറഞ്ഞാല്‍ ക്രൂസില്‍ നിന്ന് ബോള്‍ സ്വീകരിക്കുന്നത് വലിയ ആനന്ദം നല്‍കുന്ന കാര്യമാണ്. അദ്ദേഹം ഒരു മാസ്റ്റര്‍ ആണ്. എന്നെ ഏറ്റവും ആകര്‍ഷിച്ചത് അദ്ദേഹം പന്ത് പാസ് ചെയ്യുന്ന രീതിയാണ്. അദ്ദേഹം എങ്ങോട്ടേക്കാണോ ഉദ്ദേശിച്ചത് അവിടേക്ക് കൃത്യമായി ബോള്‍ എത്തും.
എനിക്കറിയാവുന്ന കാര്യം ഞാന്‍ അദ്ദേഹത്തിനും പഠിപ്പിച്ച് കൊടുക്കാറുണ്ട്. പരസ്പരം നന്നായി മനസിലാക്കി മികച്ച ഒരു ഗെയിം കളിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,’ ക്രൂസ് പറഞ്ഞു. കഴിഞ്ഞ മാസമാണ് 103 ദശലക്ഷം യൂറോ നല്‍കിയാണ് ജൂഡ് ബെല്ലിങ്ഹാമിനെ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് റയല്‍ മാഡ്രിഡ് ടീമിലെത്തിച്ചത്. അടുത്ത ആറ് സീസണുകളില്‍ താരം സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം പന്ത് തട്ടും.
ബുണ്ടസ് ലിഗയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബെല്ലിങ്ഹാം ആയിരുന്നു ഇക്കൊല്ലത്തെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവുമധികം ആവശ്യക്കാരുണ്ടായിരുന്ന ഇംഗ്ലീഷ് യുവതാരം. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, പി.എസ്.ജി, ലിവര്‍പൂള്‍ എന്നിവരും താരത്തിനായി രംഗത്തെത്തിയിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ലാ ലിഗയില്‍ നടന്ന മത്സരത്തില്‍ റയല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ജിറോണ എഫ്.സിക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ ജയം. ജൊസേലു, ചൗമോനി, ജൂഡ് ബെല്ലിങ്ഹാം എന്നീ താരങ്ങളാണ് ലോസ് ബ്ലാങ്കോസിനായി ഗോളുകള്‍ നേടിയത്.
സീസണില്‍ ഇതുവരെ നടന്ന എട്ട് മത്സരങ്ങളില്‍ ഏഴ് ജയവും ഒരു തോല്‍വിയുമായി 21 പോയിന്റുകളോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ റയല്‍ മാഡ്രിഡ്.
ഒക്ടോബര്‍ നാലിന് നാപ്പോളിക്കെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം.
Content Highlights: Jude Bellingham praises Tony Kroos