| Monday, 24th July 2023, 1:09 pm

മോഡ്രിച്ചും വിനീഷ്യസുമല്ല; റയല്‍ മാഡ്രിഡിലെ ഇഷ്ട താരത്തെ കുറിച്ച് ബെല്ലിങ്ഹാം

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലെ മികച്ച താരം ആരെന്ന് പറഞ്ഞ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം. ടോണി ക്രൂസ് ആണ് ലോസ് ബ്ലാങ്കോസിലെ തന്റെ ഇഷ്ട താരമെന്നാണ് ജൂഡ് പറഞ്ഞത്. അദ്ദേഹം ഒരു മാസ്റ്റര്‍ ആണെന്നും ക്രൂസില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ച കാര്യം അദ്ദേഹത്തിന്റെ പാസിങ് ആണെന്നും ജൂഡ് പറഞ്ഞു.

‘സത്യസന്ധമായി പറഞ്ഞാല്‍ ക്രൂസില്‍ നിന്ന് ബോള്‍ സ്വീകരിക്കുന്നത് വലിയ ആനന്ദം നല്‍കുന്ന കാര്യമാണ്. അദ്ദേഹം ഒരു മാസ്റ്റര്‍ ആണ്. എന്നെ ഏറ്റവും ആകര്‍ഷിച്ചത് അദ്ദേഹം പന്ത് പാസ് ചെയ്യുന്ന രീതിയാണ്. അദ്ദേഹം എങ്ങോട്ടേക്കാണോ ഉദ്ദേശിച്ചത് അവിടേക്ക് കൃത്യമായി ബോള്‍ എത്തും.

എനിക്കറിയാവുന്ന കാര്യം ഞാന്‍ അദ്ദേഹത്തിനും പഠിപ്പിച്ച് കൊടുക്കാറുണ്ട്. പരസ്പരം നന്നായി മനസിലാക്കി മികച്ച ഒരു ഗെയിം കളിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,’ ക്രൂസ് പറഞ്ഞു.

കഴിഞ്ഞ മാസമാണ് 103 ദശലക്ഷം യൂറോ നല്‍കിയാണ് ജൂഡ് ബെല്ലിങ്ഹാമിനെ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് റയല്‍ മാഡ്രിഡ് ടീമിലെത്തിച്ചത്. അടുത്ത ആറ് സീസണുകളില്‍ താരം സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം പന്ത് തട്ടും.

ബുണ്ടസ് ലിഗയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബെല്ലിങ്ഹാം ആയിരുന്നു ഇക്കൊല്ലത്തെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവുമധികം ആവശ്യക്കാരുണ്ടായിരുന്ന ഇംഗ്ലീഷ് യുവതാരം. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, പി.എസ്.ജി, ലിവര്‍പൂള്‍ എന്നിവരും താരത്തിനായി രംഗത്തെത്തിയിരുന്നു.

അതേസമയം, പ്രീ സീസണ്‍ മത്സരത്തില്‍ എ.സി. മിലാനെതിരെ റയല്‍ മാഡ്രിഡ് വിജയിച്ചിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. സമനിലയില്‍ പിരിയാനിരുന്ന മത്സരത്തിന്റെ 84ാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയറുടെ തകര്‍പ്പന്‍ ഗോളിലൂടെ റയല്‍ ജയമുറപ്പിക്കുകയായിരുന്നു.

മത്സരത്തില്‍ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് റയല്‍ മൂന്ന് ഗോളടിച്ച് വിജയം നേടിയത്. മത്സരത്തിന്റെ 25ാം മിനിട്ടില്‍ ഫിക്കായോ ടോമോറി എ.സി മിലാനായി ഗോള്‍ നേടി.

ആദ്യ പാദം അവസാനിക്കാന്‍ മൂന്ന് മിനിട്ടുകള്‍ ബാക്കി നില്‍ക്കെ റൊമേറോയിലൂടെ മിലാന്‍ ലീഡ് ഇരട്ടിയാക്കി. ബോക്‌സിന് പുറത്ത് നിന്നും മനോഹരമായ ഷോട്ടിലൂടെയാണ് യുവ വിങ്ങര്‍ ഗോള്‍ നേടിയത്. കാലിഫോര്‍ണിയയിലുള്ള റോസ് ബോള്‍ സ്റ്റേഡിയത്തില്‍ ആദ്യ പകുതിയില്‍ 2-0ന് പിന്നിലായ റയല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്തുമായി ഇറങ്ങി.

57ാം മിനിട്ടില്‍ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ മാര്‍ക്കോ സ്‌പോര്‍ട്ടിയല്ലോയുടെ പിഴവില്‍ നിന്നും ഫെഡറിക്കോ വാല്‍വെര്‍ഡെ നേടിയ ഗോളില്‍ സ്‌കോര്‍ 2 -1 എന്ന നിലയിലായി. തൊട്ടടുത്ത മിനിട്ടില്‍ വാല്‍വെര്‍ഡെ ഒരിക്കല്‍ കൂടി വലകുലുക്കി.

Content Highlights: Jude Bellingham praises Tony Kroos

We use cookies to give you the best possible experience. Learn more