ആരാണ് ഗോട്ട്? മെസിയും റോണോയുമല്ല; വ്യത്യസ്ത പ്രതികരണവുമായി ജൂഡ് ബെല്ലിങ്ഹാം
Football
ആരാണ് ഗോട്ട്? മെസിയും റോണോയുമല്ല; വ്യത്യസ്ത പ്രതികരണവുമായി ജൂഡ് ബെല്ലിങ്ഹാം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd May 2023, 7:57 pm

ആധുനിക ഫുട്ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസി-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍ ഡിബേറ്റിന് ഇനിയും അറുതി വീണിട്ടില്ല. ഫുട്‌ബോള്‍ കളിക്കാരും പരിശീലകരും ആരാധകരും പതിവായി നേരിടുന്ന ചോദ്യമാണ് മെസിയാണോ റോണോയാണോ ഗോട്ട് എന്ന്. ഫാന്‍ ഡിബേറ്റില്‍ തന്റെ ഇഷ്ടതാരത്തെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പര്‍താരം ജൂഡ് ബെല്ലിങ്ഹാം.

മെസിയാണോ റോണോയാണോ ഗോട്ട് എന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഇവര്‍ രണ്ടുപേരുമല്ലെന്നും ലിവര്‍പൂള്‍ വിങ്ങര്‍ മുഹമ്മദ് സലായാണ് മികച്ച താരമെന്നുമായിരുന്നു ബെല്ലിങ്ഹാം ആദ്യം അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് മെസിയെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു താരം.

കരിയറില്‍ അന്താരാഷ്ട്ര തലത്തിലും ക്ലബ്ബ് ഫുട്ബോളിലും കൂടുതല്‍ സ്‌കോര്‍ ചെയ്തത് മെസിയാണെന്നും അദ്ദേഹത്തിന്റെ പ്രകടനം കാണുന്നവര്‍ മെസിയടെ ഫാന്‍ ആയി മാറുമെന്നും ബെല്ലിങ്ഹാം പറഞ്ഞു. ഓരോ തവണ താരത്തിന്റെ പ്രകടനം കാണുമ്പോഴും അതില്‍ എന്തെങ്കിലുമൊക്കെ പ്രത്യേകതയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മെസിയാണ് എന്റെ ഇഷ്ടതാരം. നിങ്ങള്‍ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ആലോചിച്ച് നോക്കൂ. എത്ര നന്നായിട്ടാണ് മെസി കളത്തില്‍ നില്‍ക്കുന്നതെന്ന്. ഓരോ തവണ ഞാന്‍ അദ്ദേഹത്തിന്റെ കളി കാണുമ്പോഴും എന്തെങ്കിലുമൊക്കെ പ്രത്യേകത അതിനുണ്ടാകും. അപ്പോള്‍ ഞാന്‍ കരുതും അദ്ദേഹമൊരു സാധാരണ മനുഷ്യനല്ലെന്ന്,’ ബെല്ലിങ്ഹാം പറഞ്ഞു.

ക്ലബ്ബ് ഫുട്ബോള്‍ കരിയറില്‍ നിന്നും ഇതുവരെ 834 ഗോളുകള്‍ റോണോ സ്വന്തമാക്കിയപ്പോള്‍, മെസിയുടെ സമ്പാദ്യം 805 ഗോളുകളാണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയായിരുന്നു റൊണാള്‍ഡോ തന്റെ 700ാം ഗോള്‍ നേടിയത്. ഇതോടെ ക്ലബ്ബ് ഫുട്ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന ആദ്യ ഫുട്ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരുന്നു.

ക്ലബ്ബ് ഫുട്ബോള്‍ ഗോള്‍ കണക്കില്‍ മെസിയെക്കാള്‍ മുന്നിലാണ് റൊണാള്‍ഡോ. പക്ഷെ റൊണാള്‍ഡോ കളി ആരംഭിച്ച് രണ്ട് സീസണുകള്‍ കഴിഞ്ഞപ്പോഴാണ് മെസി ക്ലബ്ബ് ഫുട്ബോള്‍ മത്സരങ്ങളില്‍ സജീവമായത്.

2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.

എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.

ലോക ഫുട്ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്. 183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.

Content Highlights: Jude Bellingham picks his favorite in Messi-Ronaldo fan debate