ഫുട്‌ബോള്‍ ഉള്ളിടത്തോളം കാലം നിലനില്‍ക്കുന്ന തര്‍ക്കമാണ് മെസിയാണോ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണോ ഏറ്റവും മികച്ച താരമെന്നത്. മെസി ലോകകപ്പ് നേടിയ ശേഷവും ആ തര്‍ക്കം അന്ത്യമില്ലാതെ തുടരുകയാണ്.
പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് തന്റെ കരിയറിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ നേരിടേണ്ടി വന്ന ആ ചോദ്യം ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമിനും നേരിടേണ്ടി വന്നിരുന്നു.
ഗോട്ട് ഡിബേറ്റില്‍ ലയണല്‍ മെസിയെ ആണ് ബെല്ലിങ്ഹാം തെരഞ്ഞെടുത്തത്. മെസി മികച്ച താരമാണെന്നും അദ്ദേഹം ചെയ്യുന്ന ചില കാര്യങ്ങള്‍ മനുഷ്യസാധ്യമല്ല എന്നുപോലും തനിക്ക് തോന്നിയിട്ടുണ്ടെന്നുമാണ് ബെല്ലിങ്ഹാം പറഞ്ഞത്.
‘എന്നെ സംബന്ധിച്ച് അത് മെസിയാണ്. മികച്ച റെക്കോഡുകളാണ് അദ്ദേഹത്തിനുള്ളത്. നിങ്ങള്‍ അദ്ദേഹത്തെ നോക്കിയിരിക്കുമ്പോള്‍ അവന്‍ എങ്ങനെയാണ് ഇതെല്ലാം ചെയ്യുന്നത് എന്നായിരിക്കും ചിന്തിക്കുക.
അദ്ദേഹം ചെയ്യുന്നത് കാണുമ്പോള്‍ അദ്ദേഹം ഒരിക്കലും ഒരു മനുഷ്യനാകാന്‍ സാധ്യതയില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്,’ ബെല്ലിങ്ഹാം പറഞ്ഞു.
താരത്തിന്റെ ഈ പരാമര്‍ശം മെസി ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിക്കായാണ് താരം നിലവില്‍ കളിക്കുന്നത്. അതേസമയം, ലീഗ് വണ്ണില്‍ അവസാനം കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും തോല്‍ക്കാനായിരുന്നു പി.എസ്.ജിയുടെ വിധി. ബ്രെസ്റ്റിനെതിരായ മത്സരം ജയിച്ചപ്പോള്‍ റെന്നെസിനെതിരെ നടന്ന മത്സരത്തിലും ലിയോണിനെതിരെയും പി.എസ്.ജി പരാജയപ്പെട്ടിരുന്നു.
എതിരില്ലാത്ത രണ്ട് ഗോളിന് റെന്നെസിനോട് പരാജയപ്പെട്ടപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ലിയോണിനോട് തോല്‍വി വഴങ്ങിയത്. നേരത്തെ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോടും പി.എസ്.ജിക്ക് തോല്‍വി ഏറ്റവുവാങ്ങേണ്ടി വന്നിരുന്നു.
ഈ തോല്‍വികള്‍ക്ക് പിന്നാലെ പി.എസ്.ജി ആരാധകര്‍ മെസിക്ക് നേരെ അധിക്ഷേപങ്ങള്‍ ചൊരിയുകയും കൂവി വിളിക്കുകയും ചെയ്തിരുന്നു.
Content highlight: Jude Bellingham on Messi vs Ronaldo debate