ജൂഡ് ഇല്ലാതെ ഇംഗ്ലീഷ് പട; ആരാധകര്‍ നിരാശയില്‍
Football
ജൂഡ് ഇല്ലാതെ ഇംഗ്ലീഷ് പട; ആരാധകര്‍ നിരാശയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th November 2023, 9:18 am

2024 യൂറോ യോഗ്യത മത്സരങ്ങള്‍ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്നും സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം പുറത്ത്. താരം പരിക്കിന്റെ പിടിയിലായതിന് പിന്നാലെയാണ് ഈ പുറത്താകല്‍.

തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ജൂഡ് റയല്‍ മാഡ്രിഡിന് വേണ്ടി അവസാന രണ്ട് മത്സരങ്ങള്‍ കളിച്ചിരുന്നില്ല. എന്നാല്‍ താരം ഇന്റര്‍നാഷണല്‍ ബ്രേക്കില്‍ ഇംഗ്ലണ്ടിനായി കളിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇംഗ്ലീഷ് ടീമിന്റെ മെഡിക്കല്‍ വിഭാഗത്തിന്റെ വിലയിരുത്തലിന് ശേഷമാണ് ജൂഡിനെ സ്‌പെയിനില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടത്.

ജൂഡ് ബെല്ലിങ്ഹാം റയല്‍ മാഡ്രിഡിനായി മിന്നും ഫോമിലായിരുന്നു ഈ സീസണില്‍ കളിച്ചിരുന്നത്. ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നും സാന്റിയാഗോ ബെര്‍ണബ്യുവില്‍ എത്തിയ താരം ലോസ് ബ്ലാങ്കോസിനായി 14 മത്സരങ്ങളില്‍ നിന്നും 13 ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് അക്കൗണ്ടിലാക്കിയിട്ടുള്ളത്.

അടുത്തിടെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡിനൊപ്പം ഉണ്ടായിരുന്ന റെക്കോഡ് നേട്ടവും ജൂഡ് മറികടന്നിരുന്നു. റയലിനായി ആദ്യ പത്ത് മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റൊണാള്‍ഡോയുടെ നേട്ടമായിരുന്നു ബെല്ലിങ്ഹാം മറികടന്നത്. സൂപ്പര്‍ താരത്തിന്റെ അഭാവം ഇംഗ്ലീഷ് ടീമിന് വലിയ തിരിച്ചടിയായിരിക്കും നല്‍കുക.

ജൂഡിന് പുറമെ ചെല്‍സി താരമായ ലെവി കോള്‍വിലും പരിക്കിന്റെ പിടിയില്‍ ആയതിനാല്‍ കോള്‍വിനെയും ടീമില്‍ നിന്നും പിന്‍വലിച്ചതായി ഇംഗ്ലണ്ട് ടീം അറിയിച്ചു.

ഇതിന് പുറമെ വ്യക്തിപരമായ കാരണങ്ങളാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്ഫോഡും മാഞ്ചസ്റ്റര്‍ സിറ്റി താരം കാല്‍വിന്‍ ഫിലിപ്‌സും ടീമില്‍ നിന്നും മാറി നിന്നേക്കും.

നേരത്തേ 2024ല്‍ ജര്‍മനിയില്‍ നടക്കുന്ന യൂറോ കപ്പിന് ഇംഗ്ലീഷ് പട യോഗ്യത നേടിയിരുന്നു. മുന്നിലുള്ള രണ്ടു മത്സരങ്ങളും വിജയിച്ചു യൂറോപ്പ്യന്‍ കപ്പിലേക്ക് ശക്തമായി വരവറിയിക്കാന്‍ ആയിരിക്കും സൗത്ത് ഗേറ്റും സംഘവും ലക്ഷ്യമിടുക.

നവംബര്‍ 18ന് മാള്‍ട്ടക്കെതിരെയും നവംബര്‍ 21ന് നോര്‍ത്ത് മസിഡോണിയക്കെതിരെയുമാണ് ഇംഗ്ലണ്ടിന്റെ മത്സരങ്ങള്‍.

Content Highlight: Jude Bellingham is ruled out England squad for the injury.