| Wednesday, 18th October 2023, 3:15 pm

സാന്റിയാഗോ ബെര്‍ണബ്യുവില്‍ എത്ര കാലം പന്തു തട്ടും;മനസ്സ് തുറന്ന് ജൂഡ്

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാം സമീപകാലങ്ങളില്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. ഇപ്പോഴിതാ റയല്‍ മാഡ്രിഡിനൊപ്പം എത്ര കാലം താന്‍ കളിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജൂഡ്.

അടുത്ത 15 വര്‍ഷം റയല്‍ മാഡ്രിഡിനൊപ്പം കളിക്കുമെന്നും പ്രിമീയര്‍ ലീഗിലേക്ക് ഇപ്പോഴൊന്നും പോവില്ലെന്നുമാണ് ജൂഡ് പറഞ്ഞത്.

‘ഞാന്‍ ഇവിടുത്തെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നു. റയല്‍ മാഡ്രിഡിന്റെ മാനേജ്‌മെന്റ് എനിക്ക് സ്വതന്ത്രമായി കളിക്കാനുള്ള അവസരം നല്‍കുന്നു. ഓരോ മത്സരത്തിലും ഗോളിലൂടെയും അസിസ്റ്റിലൂടെയും ഒരു മാച്ച് വിന്നിങ് പ്രകടനമാണ് ഞാന്‍ ടീമിനായി നല്‍കാന്‍ ആഗ്രഹിക്കുന്നത്. എന്റെ ജീവിതത്തിലെ അടുത്ത 10-15 വര്‍ഷം വരെ റയലില്‍ കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഈ ക്ലബ്ബിനെ സ്‌നേഹിക്കുന്നു,’ ജൂഡ് ചാനല്‍ ഫോറിനോട് പറഞ്ഞു.

2024 യൂറോ യോഗ്യത മത്സരത്തില്‍ ഇംഗ്ലണ്ട് ഇറ്റലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ഹോം ഗ്രൗണ്ടായ വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ ഒരു അസിസ്റ്റ് നേടി മികച്ച പ്രകടനമാണ് ജൂഡ് കാഴ്ചവെച്ചത്. ഹാരി കെയ്ന്‍ (32′), (77′), മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് (57′) എന്നിവരാണ് ഇംഗ്ലീഷ് ടീമിന് വേണ്ടി ഗോളുകള്‍ നേടിയത്. ജയത്തോടെ ഇംഗ്ലണ്ട് അടുത്ത വര്‍ഷം ജര്‍മനിയില്‍ വെച്ച് നടക്കുന്ന യൂറോ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിരുന്നു.

ഈ സീസണില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നുമാണ് ജൂഡ് ബെല്ലിങ്ഹാം സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എത്തുന്നത്. റയലിനായി ചാമ്പ്യന്‍സ് ലീഗിലും ലാ ലിഗയിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

റയലിനായി പത്ത് മത്സരങ്ങളില്‍ നിന്നും പത്ത് ഗോളുകളും 3 അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്. അടുത്തിടെ പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡും ജൂഡ് തകര്‍ത്തിരുന്നു. റയലിനായി ആദ്യ പത്ത് മത്സരങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് ജൂഡ് സ്വന്തമാക്കിയത്.

ലാ ലിഗയില്‍ ഒക്ടോബര്‍ 21ന് സെവില്ലക്കെതിരെയാണ് റയലിന്റ അടുത്ത മത്സരം.

Content Highlight: Jude Bellingham has revealed how long he will play in Real Madrid.

We use cookies to give you the best possible experience. Learn more