യൂറോ കപ്പില്‍ പ്രീക്വാര്‍ട്ടറില്‍ സ്ലൊവാക്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍. വെല്‍റ്റിന്‍സ് അറീനയില്‍ നടന്ന മത്സരത്തില്‍ 25ാം മിനിട്ടില്‍ ഇവാന്‍ ഷാന്‍സിലൂടെ സ്ലോവാക്യയാണ് ആദ്യം ഗോള്‍ നേടിയത്.
ഈ ഗോളിന്റെ ആധിപത്യത്തില്‍ ഇംഗ്ലണ്ടിനെ അവസാന നിമിഷം വരെ സ്ലൊവാക്യ വരിഞ്ഞുമുറുക്കുകയായിരുന്നു. എന്നാല്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ആണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്.
മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ റയല്‍ മാഡ്രിഡ് സൂപ്പര്‍താരം ജൂഡ് ബെല്ലിങ്ഹാം ആണ് ഇംഗ്ലണ്ടിനായി സമനില ഗോള്‍ നേടിയത്. ടീമിന്റെ പോസ്റ്റില്‍ നിന്നും ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ താരം ഗോള്‍ നേടുകയായിരുന്നു.
ഒടുവില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടിയപ്പോള്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എക്‌സ്ട്രാ ടൈം തുടങ്ങി അഞ്ച് മിനിട്ടുകള്‍ക്കുള്ളില്‍ സൂപ്പര്‍താരം ഹാരി കൈയ്‌നിന്റെ ഗോളിലൂടെ ഇംഗ്ലണ്ട് ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തില്‍ നേടിയ ഗോളിന് പിന്നാലെ ജൂഡ് ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കി. മേജര്‍ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനായി താരം നേടുന്ന മൂന്നാമത്തെ ഗോളാണിത്. ഈ യൂറോ കപ്പില്‍ ജൂഡിന്റെ രണ്ടാം ഗോളായിരുന്നു ഇത്.
2022 ഫിഫ ലോകകപ്പിലും റയല്‍ മാഡ്രിഡ് താരം ഇംഗ്ലണ്ടി നായി ലക്ഷ്യം കണ്ടിരുന്നു. ഇതോടെ മേജര്‍ ടൂര്‍ണമെന്റുകളില്‍ ഡേവിഡ് ബെക്കാം, പോള്‍ ഷോള്‍സ്, ഫ്രാങ്ക് ലംപാര്‍ഡ് എന്നീ താരങ്ങളെക്കാള്‍ കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി മാറാനും ജൂഡിന് സാധിച്ചു.
മത്സരത്തില്‍ 16 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് സൗത്ത് ഗേറ്റും കൂട്ടരും ഉതിര്‍ത്തത്. ഇതില്‍ രണ്ടെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു അവയെല്ലാം ഗോളാക്കി മാറ്റാനും ഇംഗ്ലണ്ട് താരത്തിന് സാധിച്ചു. മറുഭാഗത്ത് 13 ഷോട്ടുകള്‍ പായിച്ച സ്ലൊവാക്യ മൂന്നെണ്ണവും ലക്ഷ്യത്തിലേക്ക് എത്തിച്ചു.
ജൂലൈ ആറിന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ പരാജയപ്പെടുത്തിയ സ്വിറ്റ്‌സര്‍ലാന്‍ഡാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. മെര്‍ക്കുര്‍ സ്പീല്‍ അറീനയിലാണ് മത്സരം നടക്കുക.
Content Highlight: Jude Bellingham Great Performance in Euro Cup