റൊണാൾഡോയുടെ 16 വർഷത്തെ റെക്കോഡാണ് അവൻ തകർത്തെറിഞ്ഞത്; ചരിത്രനേട്ടവുമായി റയൽ സൂപ്പർ താരം
Football
റൊണാൾഡോയുടെ 16 വർഷത്തെ റെക്കോഡാണ് അവൻ തകർത്തെറിഞ്ഞത്; ചരിത്രനേട്ടവുമായി റയൽ സൂപ്പർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th June 2024, 12:32 pm

യൂറോ കപ്പില്‍ സെര്‍ബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ തങ്ങളുടെ തേരോട്ടം ആരംഭിച്ചു.

വെല്‍റ്റിന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമാണ് ഇംഗ്ലണ്ടിന്റെ ഏക ഗോള്‍ നേടിയത്. മത്സരം തുടങ്ങി 12ാം മിനിട്ടില്‍ തന്നെ ജൂഡ് സെര്‍ബിയന്‍ പോസ്റ്റിലേക്ക് ഗോള്‍ നേടുകയായിരുന്നു. പെനാല്‍ട്ടി ബോക്സിലേക്ക് വന്ന ക്രോസില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് താരം ഗോള്‍ നേടിയത്.

മത്സരത്തില്‍ ഗോള്‍ നേടിയതിനു പുറമെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും ജൂഡ് സ്വന്തമാക്കി. ദേശീയ ടീമിനൊപ്പം മൂന്ന് മേജര്‍ ടൂര്‍ണമെന്റുകളില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് ജൂഡ് സ്വന്തമാക്കിയത്.

2021 യൂറോകപ്പ്, 2022 ലോകകപ്പ്, 2024 യൂറോകപ്പ് എന്നെ ടൂര്‍ണമെന്റുകളിലാണ് ജൂഡ് ഇംഗ്ലണ്ടിനായി ജൂഡ് ബൂട്ടുകെട്ടിയത്. തന്റെ 21 വയസിലാണ് റയല്‍ താരം ഈ നേട്ടം സ്വന്തമാക്കിയത്.

23ാം വയസില്‍ വയസില്‍ ഈ റെക്കോഡ് കൈപ്പിടിയിലാക്കിയ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 22ാം വയസില്‍ ഈ നേട്ടം സ്വന്തമാക്കിയ ഇംഗ്ലണ്ട് ഇതിഹാസം മൈക്കല്‍ ഓവന്റെയും റെക്കോഡ് മറികടന്നുകൊണ്ടാണ് ജൂഡ് ഈ നേട്ടം സ്വന്തം പേരില്‍ കുറിച്ചത്.

2021 യൂറോകപ്പിലാണ് ജൂഡ് ആദ്യമായി ഇംഗ്ലണ്ട് ടീമിനായി കളിക്കുന്നത്. ആ ടൂര്‍ണമെന്റില്‍ ഫൈനല്‍ വരെ മുന്നേറിയ ഇംഗ്ലീഷ് ടീമിനൊപ്പം മൂന്ന് മത്സരങ്ങളിലാണ് ജൂഡ് കളത്തിലിറങ്ങിയത്.

2022 ഫിഫ ലോകകപ്പില്‍ അഞ്ചു മത്സരങ്ങളില്‍ ഇംഗ്ലണ്ട് ടീമിനായി ജൂഡ് ബൂട്ട് കെട്ടിയിരുന്നു. ലോകകപ്പില്‍ ഒരു ഗോളും ഒരു അസിസ്റ്റുമാണ് താരം നേടിയിരുന്നത്.

നിലവില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്റെ താരമാണ് ജൂഡ് ബെല്ലിങ്ഹാം. 2023ലാണ് ജൂഡ് ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നും സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എത്തുന്നത്. ലോസ് ബ്ലാങ്കോസിനൊപ്പം തകര്‍പ്പന്‍ പ്രകടനമായിരുന്നു ഈ സീസണില്‍ ഇംഗ്ലണ്ട് താരം നടത്തിയത്.

അതേസമയം സെര്‍ബിയക്കെതിരെയുള്ള ജയത്തോടെ ഗ്രൂപ്പ് സിയില്‍ മൂന്നു പോയിന്റോടെ ഒന്നാം സ്ഥാനത്തെത്താനും ഇംഗ്ലണ്ടിന് സാധിച്ചു. ജൂണ്‍ 20ന് ഡെന്മാര്‍ക്കിനെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.

Content Highlight: Jude Bellingham Great Performance Against Serbia in Euro Cup 2024