ഒറ്റ ഗോളിൽ ജൂഡ് കീഴടക്കിയത് യൂറോപ്പ്യൻ ഫുട്ബോൾ ലോകം; ചരിത്രത്തിലെ ആദ്യ താരം ബെല്ലിങ്ങ്ഹാം
Football
ഒറ്റ ഗോളിൽ ജൂഡ് കീഴടക്കിയത് യൂറോപ്പ്യൻ ഫുട്ബോൾ ലോകം; ചരിത്രത്തിലെ ആദ്യ താരം ബെല്ലിങ്ങ്ഹാം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th June 2024, 9:08 am

യൂറോ കപ്പില്‍ സെര്‍ബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്. വെല്‍റ്റിന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമാണ് മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ഏക ഗോള്‍ നേടിയത്.

മത്സരം തുടങ്ങി 12 മിനിട്ടില്‍ തന്നെ ജൂഡ് സെര്‍ബിയന്‍ പോസ്റ്റിലേക്ക് ഗോള്‍ നേടുകയായിരുന്നു. പെനാല്‍ട്ടി ബോക്‌സിലേക്ക് വന്ന ക്രോസില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് താരം ഗോള്‍ നേടിയത്. സെര്‍ബിയയുടെ ഗോള്‍കീപ്പര്‍ രാജ്കോവിക്കിന് ഒരു അവസരം പോലും നല്‍കാതെയായിരുന്നു റയല്‍ സൂപ്പര്‍ താരം ഗോള്‍ നേടിയത്.

ഈ ഗോളിന് പിന്നാലെ ചരിത്ര നേട്ടമാണ് ജൂഡ് സ്വന്തമാക്കിയത്. 21 വയസിന് മുമ്പായി മൂന്ന് ഇന്റര്‍നാഷണല്‍ മേജര്‍ ടൂര്‍ണമെന്റുകളില്‍ ഗോള്‍ നേടുന്ന ആദ്യത്തെ യൂറോപ്പ്യന്‍ താരം എന്ന നേട്ടമാണ് ജൂഡ് സ്വന്തമാക്കിയത്. 2020 യൂറോകപ്പ്, 2022 ലോകകപ്പ്, 2024 യൂറോകപ്പ് എന്നെ ടൂര്‍ണമെന്റുകളിലാണ് ജൂഡ് ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത്.

അതേസമയം നിലവില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്റെ താരമാണ് ജൂഡ് ബെല്ലിങ്ഹാം. 2023ലാണ് ജൂഡ് ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നും സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എത്തുന്നത്. ലോസ് ബ്ലാങ്കോസിനൊപ്പം തകര്‍പ്പന്‍ പ്രകടനമായിരുന്നു ഈ സീസണില്‍ ഇംഗ്ലണ്ട് താരം നടത്തിയത്.

മത്സരത്തില്‍ 54 ശതമാനം ബോള്‍ പൊസഷന്‍ സ്വന്തമാക്കിയ ഇംഗ്ലണ്ട് അഞ്ച് ഷോട്ടുകളാണ് സെര്‍ബിയന്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തത് ഇതില്‍ മൂന്നെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് ആറ് ഷോട്ടുകള്‍ സെര്‍ബിയ ഇംഗ്ലീഷ് പോസ്റ്റിലേക്ക് ഉന്നം വച്ചെങ്കിലും ഒന്നു മാത്രമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ സാധിച്ചത്.

ജയത്തോടെ ഗ്രൂപ്പ് സിയില്‍ മൂന്നു പോയിന്റോടെ ഒന്നാം സ്ഥാനത്തെത്താനും സൗത്ത് ഗേറ്റിനും കൂട്ടര്‍ക്കും സാധിച്ചു. ജൂണ്‍ 20ന് ഡെന്മാര്‍ക്കിനെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. അന്നുതന്നെ നടക്കുന്ന മത്സരത്തില്‍ സ്ലോവേനിയയാണ് സെര്‍ബിയയുടെ എതിരാളികള്‍.

 

Content Highlight: Jude Bellingham create a new record in Football