ചാമ്പ്യന്‍സ് ലീഗില്‍ റെക്കോഡ് നേട്ടവുമായി റയല്‍ മാഡ്രിഡിന്റെ ഇംഗ്ലീഷ് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം. ചാമ്പ്യന്‍സ് ലീഗില്‍ നാപോളിക്കെതിരെയുള്ള മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകളുടെ തകര്‍പ്പന്‍ ജയം റയല്‍ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് ജൂഡ് ബെല്ലിങ്ഹാം കാഴ്ചവെച്ചത്.
ഈ സീസണില്‍ റയല്‍ മാഡ്രിഡിനായി ജൂഡ് നേടുന്ന 15ാം ഗോളായിരുന്നു ഇത്. ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടമാണ് ജൂഡിനെ തേടിയെത്തിയത്. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തില്‍ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ നാല് മത്സരങ്ങളിലും ഗോള്‍ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടത്തിലേക്കാണ് ബെല്ലിങ്ഹാം നടന്നുകയറിയത്.
16 games, 15 goals and three assists, Jude Bellingham is ON FIRE for Real Madrid this season. 🔥 pic.twitter.com/TGqyiOiV9u
ഈ ഗോളോടെ 21ാം വയസില്‍ പത്ത് ചാമ്പ്യന്‍സ് ലീഗ് ഗോളുകള്‍ നേടുന്ന നാലാമത്തെ താരമായി മാറാനും ജൂഡിന് സാധിച്ചു.
ഈ സീസണില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമാണ് ജൂഡ് സാന്റിയാഗോ ബെര്‍ണബ്യുവില്‍ എത്തുന്നത്. ലോസ് ബ്ലാങ്കോസിനൊപ്പം സ്വപ്നതുല്യമായ മുന്നേറ്റമാണ് ഈ ഇംഗ്ലണ്ട്കാരന്‍ കാഴ്ചവെക്കുന്നത്. ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 15 ഗോളുകളും നാല് അസിസ്റ്റുകളുമാണ് ജൂഡ് നേടിയിട്ടുള്ളത്.
റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യുവില്‍ നടന്ന മത്സരത്തില്‍ ഒമ്പതാം മിനിട്ടില്‍ ജിയോവാന്നി സിമിയോണിലൂടെ നാപോളിയാണ് ആദ്യം ലീഡെടുത്തത്.
എന്നാല്‍ 11ാം മിനിട്ടില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം റോഡ്രിഗോയിലൂടെ റയല്‍ മറുപടി ഗോള്‍ നേടി.
മത്സരത്തിന്റെ 22ാം മിനിട്ടില്‍ ജൂഡ് ബെല്ലിങ്ഹാം റയലിന്റെ രണ്ടാം ഗോള്‍ നേടി. ഒടുവില്‍ ആദ്യ പിന്നിടുമ്പോള്‍ റയല്‍ 2-1ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതി തുടങ്ങി 47ാം മിനിട്ടില്‍ ആന്ദ്രേ ഫ്രാങ്ക് സംബോ അങ്കുയ്സ്സയിലൂടെ നാപോളി ഗോള്‍ നേടി സമനില പിടിച്ചു. ഒടുവില്‍ മത്സരത്തിന്റെ 84ാം മിനിട്ടില്‍ യുവതാരം നിക്കോ പാസിലൂടെ റയല്‍ മൂന്നാം ഗോളും ഇഞ്ചുറി ടൈമില്‍ ജൊസേലു നാലാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും റയല്‍ മാഡ്രിഡ് സ്വന്തമാക്കുകയായിരുന്നു.