മാഡ്രിഡ്: ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ 19കാരനായ താരം ജൂഡ് ബെല്ലിങ്ഹാം റയല്‍ മാഡ്രിഡിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. 86 മില്യണ്‍ യൂറോ നല്‍കിയാണ് താരത്തെ സ്പാനിഷ് വമ്പന്മാര്‍ ടീമിലെത്തിക്കുകയെന്നാണ് സൂചന. കരാര്‍ ഒപ്പുവെക്കാന്‍ റയല്‍ സമ്മതിച്ചെന്ന വിവരമാണ് ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയില്‍ പങ്കുവെക്കുന്നത്.
ബൊറൂസിയയുടെ യുവ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ക്ക് വേണ്ടി യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളാണ് കാത്തിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, പി.എസ്.ജി, ലിവര്‍പൂള്‍ എന്നിവരും താരത്തിനായി വിലപേശിയിരുന്നു. ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവുമധികം ആവശ്യക്കാരുണ്ടായിരുന്ന ഇംഗ്ലീഷ് താരമാണ് ബെല്ലിങ്ഹാം.
ബെല്ലിങ്ഹാമിനും റയല്‍ മാഡ്രിഡില്‍ കളിക്കാനാണ് കൂടുതല്‍ താല്‍പര്യമെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. താരത്തിന്റെ മാതാപിതാക്കള്‍ക്കും ബെല്ലിങ്ഹാം മാഡ്രിഡില്‍ കളിക്കുന്നതാണ് കൂടുതലിഷ്ടം. താരത്തിന്റെ മാനേജര്‍മാര്‍ മാഡ്രിഡില്‍ താമസ സൗകര്യം നോക്കുന്നുണ്ടെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
മാഞ്ചസ്റ്റര്‍ സിറ്റിയും ആറ് വര്‍ഷത്തെ കരാര്‍ നല്‍കി താരത്തെ ടീമിലെത്തിക്കാന്‍ കിണഞ്ഞ് ശ്രമിച്ചിരുന്നു. 2020ല്‍ പതിനാറാമത്തെ വയസിലാണ് ബെല്ലിങ്ഹാം സ്വദേശമായ ബിര്‍മിങ്ഹാമില്‍ നിന്ന് ജര്‍മനിയിലേക്ക് മാറിയത്.
ബൊറൂസിയക്കൊപ്പം കഴിഞ്ഞ മൂന്ന് സീസണുകളിലായി 132 മത്സരങ്ങള്‍ കളിച്ച ബെല്ലിങ്ഹാം 24 ഗോളുകള്‍ നേടി. 12 വര്‍ഷത്തിന് ശേഷം ബൊറൂസിയയ്ക്ക് ബുണ്ടസ് ലിഗ കിരീടം സമ്മാനിക്കുന്നതിന് തൊട്ടടുത്ത് വരെ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പരിക്കിനെ തുടര്‍ന്ന് നിര്‍ണായകമായ അവസാന മത്സരത്തില്‍ കളിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.