മെസിക്കും ക്രിസ്റ്റ്യാനോയ്ക്കുമൊപ്പമല്ല; 'ഒരുമിച്ച് ബൂട്ടുകെട്ടേണ്ടത് ആ ഇതിഹാസത്തിനൊപ്പം'; മനസുതുറന്ന് ജൂഡ്
Football
മെസിക്കും ക്രിസ്റ്റ്യാനോയ്ക്കുമൊപ്പമല്ല; 'ഒരുമിച്ച് ബൂട്ടുകെട്ടേണ്ടത് ആ ഇതിഹാസത്തിനൊപ്പം'; മനസുതുറന്ന് ജൂഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th October 2023, 5:38 pm

മുന്‍ താരങ്ങളില്‍ ആര്‍ക്കൊപ്പം കളിക്കാനാണ് ഇഷ്ടമെന്ന ചോദ്യത്തിന് ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്റെ പേര് പറഞ്ഞ് റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം. ചെറുപ്പം മുതല്‍ സിദാനെ കുറിച്ച് കേട്ടാണ് വളര്‍ന്നതെന്നും അദ്ദേഹത്തോട് വലിയ ആരാധനയാണെന്നും ജൂഡ് പറഞ്ഞു.

‘എനിക്ക് മുമ്പേ കളിച്ചിട്ടുള്ള താരമാണ് സിദാന്‍. അതുകൊണ്ടുതന്നെ ചെറുപ്പം മുതല്‍ കേള്‍ക്കാറുള്ളതാണ് ‘സിദാനെ കണ്ടുപടിക്കൂ, സിദാനെ കണ്ടുപടിക്കൂ’ എന്ന്. അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ മത്സരങ്ങളുടെ ധാരാളം വീഡിയോസ് എടുത്ത് കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കളി ശൈലി എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്,’ ജൂഡ് പറഞ്ഞു.

അതേസമയം, റയല്‍ മാഡ്രിഡില്‍ മികച്ച പ്രകടനമാണ് ബെല്ലിങ്ഹാം കാഴ്ചവെക്കുന്നത്. ലാ ലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ഒസാസുനയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ടായിരുന്നു റയലിന്റെ ജയം.

ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോളുകളും വിനീഷ്യസ് ജൂനിയറിന്റെയും ജൊസേലുവിന്റെയും ഓരോ ഗോളുകളുമാണ് ലോസ് ബ്ലാങ്കോസിനെ വിജയത്തിലേക്ക് നയിച്ചത്.

103 ദശലക്ഷം യൂറോ നല്‍കിയാണ് ജൂഡ് ബെല്ലിങ്ഹാമിനെ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് റയല്‍ മാഡ്രിഡ് ടീമിലെത്തിച്ചത്. അടുത്ത ആറ് സീസണുകളില്‍ താരം സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം പന്ത് തട്ടും.

ബുണ്ടസ് ലിഗയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബെല്ലിങ്ഹാം ആയിരുന്നു ഇക്കൊല്ലത്തെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഏറ്റവുമധികം ആവശ്യക്കാരുണ്ടായിരുന്ന ഇംഗ്ലീഷ് യുവതാരം. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, പി.എസ്.ജി, ലിവര്‍പൂള്‍ എന്നിവരും താരത്തിനായി രംഗത്തെത്തിയിരുന്നു.

Content Highlights: Jude Bellingham about Zinadine Zidane