'അദ്ദേഹത്തില്‍ നിന്ന് ബോള്‍ സ്വീകരിക്കാനിഷ്ടമാണ്'; റയല്‍ മാഡ്രിഡ് താരത്തെ കുറിച്ച് ബെല്ലിങ്ഹാം
Football
'അദ്ദേഹത്തില്‍ നിന്ന് ബോള്‍ സ്വീകരിക്കാനിഷ്ടമാണ്'; റയല്‍ മാഡ്രിഡ് താരത്തെ കുറിച്ച് ബെല്ലിങ്ഹാം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th July 2023, 2:01 pm

സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലെ മികച്ച താരം ആരെന്ന് പറഞ്ഞ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം. ടോണി ക്രൂസ് ആണ് ലോസ് ബ്ലാങ്കോസിലെ തന്റെ ഇഷ്ട താരമെന്നാണ് ജൂഡ് പറഞ്ഞത്. അദ്ദേഹം ഒരു മാസ്റ്റര്‍ ആണെന്നും ക്രൂസില്‍ തന്നെ ഏറ്റവും ആകര്‍ഷിച്ച കാര്യം അദ്ദേഹത്തിന്റെ പാസിങ് ആണെന്നും ജൂഡ് പറഞ്ഞു.

‘സത്യസന്ധമായി പറഞ്ഞാല്‍ ക്രൂസില്‍ നിന്ന് ബോള്‍ സ്വീകരിക്കുന്നത് വലിയ ആനന്ദം നല്‍കുന്ന കാര്യമാണ്. അദ്ദേഹം ഒരു മാസ്റ്റര്‍ ആണ്. എന്നെ ഏറ്റവും ആകര്‍ഷിച്ചത് അദ്ദേഹം പന്ത് പാസ് ചെയ്യുന്ന രീതിയാണ്. അദ്ദേഹം എങ്ങോട്ടേക്കാണോ ഉദ്ദേശിച്ചത് അവിടേക്ക് കൃത്യമായി ബോള്‍ എത്തും.

എനിക്കറിയാവുന്ന കാര്യം ഞാന്‍ അദ്ദേഹത്തിനും പഠിപ്പിച്ച് കൊടുക്കാറുണ്ട്. പരസ്പരം നന്നായി മനസിലാക്കി മികച്ച ഒരു ഗെയിം കളിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,’ ക്രൂസ് പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന പ്രീ സീസണ്‍ സൗഹൃദ മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ബാഴ്‌സലോണക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ലോസ് ബ്ലാങ്കോസിന്റെ പരാജയം.

ബാഴ്‌സലോണക്കായി ഉസ്മാന്‍ ഡെംബെലെ, ഫെര്‍മിന്‍ ലോപ്പസ് മാര്‍ട്ടിന്‍, ഫെറാന്‍ ടോറസ് എന്നീ താരങ്ങളാണ് ഗോള്‍ നേടിയത്. ഗോള്‍ കീപ്പര്‍ ടെഗര്‍ സ്റ്റേഗന്റെ മിന്നല്‍ സേവുകളും ബ്ലൂഗ്രാനയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോസ് ബ്ലാങ്കോസിന്റെ ഗോളെന്നുറപ്പിച്ച നാലോളം ഷോട്ടുകളും അത്ഭുതകരമായി തടഞ്ഞുവെക്കാന്‍ സ്റ്റേഗന് സാധിച്ചു.

മത്സരത്തിന്റെ 15ാം മിനിട്ടിലാണ് ഡെംബലയിലൂടെ ബാഴ്‌സ ലീഡെടുത്തത്. ഏതാനും മിനിട്ടുകള്‍ക്ക് പിന്നാലെ സമനില പിടിക്കാനുള്ള അവസരം റയലിന് ഒത്തുവന്നെങ്കിലും പാഴാവുകയായിരുന്നു. ടീമിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചെങ്കിലും കിക്കെടുത്ത വിനീഷ്യസ് ജൂനിയറിന് പിഴച്ചു.

മത്സരത്തിന്റെ രണ്ടാം പകുതിയുടെ 85ാം മിനിട്ടിലാണ് ലോപ്പസ് മാര്‍ട്ടിന്റെ ഗോളിലൂടെ ബാഴ്‌സ ലീഡ് രണ്ടാക്കിയത്. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ഇഞ്ച്വറി ടൈമില്‍ ഫെറാന്‍ ടോറസിന്റെ ഗോള്‍ പിറന്നു. ഇതോടെ മത്സരം 3-0 ആയി.

Content Highlights: Jude Bellingham about Tony Kroos