മലയാളത്തിലെ സ്ത്രീ സംവിധായകര്‍ എന്തുകൊണ്ട് സ്ത്രീകളെ പ്രധാനകഥാപാത്രമാക്കി സിനിമ ചെയ്യുന്നില്ലെന്ന് സംവിധാകന്‍ ജൂഡ് ആന്റണി.
‘പൃഥ്വിരാജിനേയും നിവിന്‍ പോളിയേയുമൊക്കെ നായകന്മാരാക്കിയാണല്ലോ ഇവരും സിനിമ ചെയ്യുന്നത്. അവരാണല്ലോ ആദ്യം ചെയ്യേണ്ടത്. ഞങ്ങളോട് ചോദിക്കുന്നതിന് മുമ്പ് അവരോട് ചോദിക്കൂ.’ ജൂഡ് ചോദിച്ചു.
ബിഹൈന്‍ഡ് വുഡ്‌സ് ഐസിന്റെ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളിലായിരുന്നു ജൂഡിന്റെ പ്രതികരണം. യുവസംവിധായകരെന്ന നിലയില്‍ സിനിമയിലെ പുരുഷാധിപത്യങ്ങളെ മാറ്റി എഴുതേണ്ടത് നിങ്ങളും കൂടിയാണല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ജൂഡിനൊപ്പം ടിനു പാപ്പച്ചന്‍, മാത്തുക്കുട്ടി, തരുണ്‍ മൂര്‍ത്തി, അഹമ്മദ് കബീര്‍ എന്നിവരും റൗണ്ട് ടേബിളില്‍ പങ്കെടുത്തിരുന്നു.
‘സ്‌ക്രിപ്റ്റ് പലരോടും പറയുമ്പോഴും നാല് ഫെമിനിസ്റ്റ് ഡയലോഗ് കൂടി ചേര്‍ത്തു കഴിഞ്ഞാല്‍ കയ്യടി കിട്ടും. ഇപ്പോള്‍ ട്രെന്‍ഡ് അതാണ് എന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ട്’ എന്നാണ് മാത്തുക്കുട്ടി പറഞ്ഞത്.
അതേസമയം ‘ഫെമിനിസം മാര്‍ക്കറ്റിംഗിന് വേണ്ടി ഉപയോഗിക്കുന്നുവെന്നും പല സിനിമകളിലും അത് ഫെമിനിസ്റ്റ് ഡയലോഗുകള്‍ മുഴച്ചുനില്‍ക്കുകയാണെന്നും’ ടിനു പാപ്പച്ചന്‍ പറഞ്ഞു.
സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ സാധാരണ ജൂഡ് തന്റെ അഭിപ്രായം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട ന്യായീകരണ പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുന്നത് യുവജനങ്ങള്‍ക്ക് നല്ലതെന്ന് ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
എന്തിന്റെ പശ്ചാത്തലത്തിലാണ് ജൂഡ് ഇങ്ങനെയൊരു പോസറ്റ് ഷെയര്‍ ചെയ്തതെന്ന് വ്യക്തമല്ലെങ്കിലും പങ്കുവെച്ച് 15 മിനിട്ടുകള്‍ക്കകം പോസ്റ്റ് വാളില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. പോസ്റ്റ് അരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വിമര്‍ശനമുണ്ടായതിന് പിന്നാലെയാണ് പിന്‍വലിച്ചത്.
മുമ്പും ജൂഡിന്റെ ഫേസ്ബുക്കിലെ പ്രതികരണങ്ങള്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചക്കും വഴിയൊരുക്കിയിരുന്നു. ഹൃദയം സിനിമയെ പറ്റി ജൂഡ് ആന്റണി പങ്കുവെച്ച പോസ്റ്റും അതിന് അദ്ദേഹം നല്‍കിയ കമന്റും ചര്‍ച്ചയായിരുന്നു.
സ്വന്തം പേജില്‍ ഹൃദയത്തിന്റെ പോസ്റ്ററാണ് ജൂഡ് പങ്കുവെച്ചത്. പോസ്റ്റിന് കീഴില്‍ വന്ന ‘എത്ര കിട്ടി’ എന്ന കമന്റിന് ‘താങ്കള്‍ക്ക് പ്രകൃതി ടീമില്‍ നിന്ന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍’ എന്നാണ് ജൂഡ് കുറിച്ചത്.