കോഴിക്കോട്: സിനിമയിലെ പലര്‍ക്കും ഇപ്പോഴും പൊളിറ്റിക്കല്‍ കറക്ടനസ് എന്നതിന്റെ ശരിയായ അര്‍ത്ഥമറിയില്ലെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊളിറ്റിക്കല്‍ കറക്ടനസിന്റെ അര്‍ത്ഥമറിയാത്തവരെയാണ് താന്‍ ‘സാറാസ്’ എന്ന സിനിമയിലൂടെ ട്രോളിയതെന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു.
‘ശ്യാം പുഷ്‌കരനെപ്പോലെയുള്ള എഴുത്തുകാര്‍ ഉള്ളതുകൊണ്ടാണ് ഒരു പരിധി വരെയെങ്കിലും പേടിയുള്ളത്. പൊളിറ്റിക്കല്‍ കറക്ടനസ് എന്ന് പറയുന്ന ഒരു ഗ്രൂപ്പുണ്ടല്ലോ.. അത് വേണ്ടതാണ്. അതിനെ മനസിലാക്കാത്ത ചില ആള്‍ക്കാരെയാണ് ഞാന്‍ ട്രോളിയത്,’ അദ്ദേഹം പറഞ്ഞു.
ഒരു കഥാപാത്രം ചെയ്യുന്ന മോശം കാര്യം ഗംഭീരമാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ചെയ്യരുത് എന്ന് മാത്രമാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കഥാപാത്രവും സാഹചര്യവും ആവശ്യപ്പെടുന്ന സിനിമകളില്‍ തെറികള്‍ ഉപയോഗിക്കാമെന്നും എന്നാല്‍ ആവശ്യമില്ലാതെ തെറി പറഞ്ഞാല്‍ അത് പുതുസിനിമയുടെ ഭാഗമാണെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു.
പൊളിറ്റിക്കല്‍ കറക്ടനസ് എല്ലാക്കാലത്തും വേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊളിറ്റിക്കല്‍ കറക്ടനസ് എന്ന വാക്കിന്റെ അര്‍ത്ഥമറിയാത്തത് കൊണ്ട് പല കഥകളും സംഭാഷണങ്ങളും ഒഴിവാക്കിയിട്ടുള്ളത് താന്‍ കണ്ടിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് സാറാസ്.
അന്നബെന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം വ്യത്യസ്തമായ ഒരു പ്രമേയം തന്നെയാണ് മുന്നോട്ടുവെച്ചത്.
ഗര്‍ഭിണിയാകല്‍, അബോര്‍ഷന്‍, പാരന്റിംഗ് ഇവയുടെ വിവിധ വശങ്ങള്‍ ഒരു സ്ത്രീയുടെ ഭാഗത്ത് നിന്ന്, അതും കുട്ടികളെ വളര്‍ത്താന്‍ താല്‍പര്യം ഇല്ലാത്ത ഒരു സ്ത്രീയുടെ ഭാഗത്തു നിന്നുകൊണ്ടാണ് ചിത്രം പറയുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
C0ntent Highlight: Jude Antony Joseph Shyam Pushkaran Sara’s Movie Anna Ben Sunny Wayne