1114 കഥകളില്‍ ഏഴെണ്ണം പൊളിയായിരുന്നു; സാറാസിന് ശേഷം ഇനി ഏഴ് സിനിമകള്‍ വരുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ജൂഡ്
Entertainment
1114 കഥകളില്‍ ഏഴെണ്ണം പൊളിയായിരുന്നു; സാറാസിന് ശേഷം ഇനി ഏഴ് സിനിമകള്‍ വരുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ജൂഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th July 2021, 10:59 am

ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ വെറുതെയിരുന്നപ്പോള്‍ ഒരു സിനിമ ചെയ്യാമെന്ന് തീരുമാനിച്ച് ആളുകളോട് കഥകള്‍ അയക്കാന്‍ പറഞ്ഞതിന്റെ ഫലമാണ് ‘സാറാസ്’ എന്ന സിനിമയെന്ന് പറയുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. കഥകള്‍ അയക്കാനായി ബോറഡി മാറ്റാന്‍ ജൂഡ് അറ്റ് ജി മെയില്‍ ഡോട്ട് കോം എന്ന മെയില്‍ ഐഡിയും താന്‍ നല്‍കിയിരുന്നുവെന്ന് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജൂഡ് പറയുന്നു.

‘കഥകള്‍ വന്നുതുടങ്ങിയപ്പോള്‍ ബോറഡി മാറിയെന്ന് മാത്രമല്ല രാവിലെ എഴുന്നേറ്റാല്‍ രാത്രി വരെ കഥകള്‍ വായിക്കുന്നതായി എന്റെ പണി. ഏപ്രില്‍, മെയ്, ജൂണ്‍ എന്നീ മൂന്നുമാസങ്ങള്‍ എടുത്താണ് കഥകള്‍ വായിച്ചുതീര്‍ത്തത്. മൊത്തം 1114 കഥകള്‍ വന്നിട്ടുണ്ടായിരുന്നു. അതില്‍ ഒരു ഏഴ് കഥകള്‍ എനിക്ക് വളരെ ഇഷ്ടപ്പെടുകയും അവരോട് സ്‌ക്രിപ്റ്റുമായി വരാന്‍ പറയുകയും ചെയ്തു. ആ ഏഴ് പടവും പൊളിയാണ്,’ ജൂഡ് പറയുന്നു.

സാറാസ് എടുത്തുകഴിഞ്ഞ സ്ഥിതിക്ക് ബാക്കിയുള്ള സ്‌ക്രിപ്റ്റുകളുടെ പടങ്ങള്‍ പ്രതീക്ഷിക്കാമോ എന്ന അവതാരകന്റെ ചോദ്യത്തിനും ജൂഡ് മറുപടി പറഞ്ഞു. നേരത്തേ തുടങ്ങിവെച്ച വെള്ളപ്പൊക്കം എന്ന ചിത്രമാണ് താന്‍ ചെയ്യാന്‍ പോകുന്നതെന്നാണ് ജൂഡ് പറഞ്ഞത്. കൊറോണ കാരണം ഷൂട്ടിങ്ങ് മുടങ്ങിപ്പോയ ചിത്രമാണ് വെള്ളപ്പൊക്കം. പകുതിയോളം ഷൂട്ട് ചെയ്തുവെച്ചിട്ടുണ്ടെങ്കിലും ബാക്കി പകുതി എടുക്കുന്നത് വലിയൊരു കടമ്പയാണെന്നും ജൂഡ് പറഞ്ഞു.

ചിത്രത്തിന് സാറാസ് എന്ന് പേരിട്ടതിനെക്കുറിച്ചും ജൂഡ് ആന്തണി പറഞ്ഞു. സാറാസ് എന്ന് കേള്‍ക്കുമ്പോള്‍ തന്റെ മനസ്സില്‍ ആദ്യം വരുന്നത് സാറാസ് കറി പൗഡര്‍ ആണെന്നും പടത്തിന് പേരിടാന്‍ വളരെയധികം സമയമെടുക്കുന്നയാളാണ് താനെന്നും ജൂഡ് പറയുന്നു.

‘കുറേ പേര് നോക്കി. കഥാപാത്രത്തിന്റെ പേരിടാന്‍ ഒക്കെ നോക്കി. പക്ഷെ അതെല്ലാവരും ചെയ്യുന്നതാണ്. അങ്ങനെ ആലോചിച്ച് ആലോചിച്ച് പെട്ടെന്ന് തോന്നിയ ഒരു പേരാണ് സാറാസ്. ശരിക്കും അര്‍ത്ഥമുള്ള വാക്കാണ് സാറാസ്. വെറുതെ ഇട്ടതല്ലെന്ന് പടം കാണുന്നവര്‍ക്ക് മനസ്സിലാകും. പക്ഷെ സാറാസ് എന്ന് ആദ്യം കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത് സാറാസ് കറിപൗഡര്‍ തന്നെയാണ്. പടത്തിനായി ബ്രാന്‍ഡ് ചെയ്യാമോ എന്ന് ശരിക്കും ഞാന്‍ സാറാസിനോട് ചോദിച്ചതാ. പക്ഷെ അവര്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു,’ ജൂഡ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Jude Antony Joseph says about his new movies