ഹിന്ദിയിലെ വിതരണക്കാരാണ് ആ ക്യാപ്ഷന് പിന്നില്‍, അതില്‍ നിര്‍മാതാവിനോ എനിക്കോ പങ്കില്ല : ജൂഡ് ആന്തണി
Entertainment
ഹിന്ദിയിലെ വിതരണക്കാരാണ് ആ ക്യാപ്ഷന് പിന്നില്‍, അതില്‍ നിര്‍മാതാവിനോ എനിക്കോ പങ്കില്ല : ജൂഡ് ആന്തണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd January 2024, 12:41 pm

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തെ മലയാളികള്‍ അതിജീവിച്ച അനുഭവത്തെ വെള്ളിത്തിരയില്‍ എത്തിച്ച സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്. 2018 എന്ന ചിത്രം പോയ വര്‍ഷത്തെ  ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയാവുകയും ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാവുകയും ചെയ്തു.


സിനിമ വിജയിച്ചതിനോടൊപ്പം അതിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. 2018നോടൊപ്പം പുറത്തിറങ്ങിയ കേരളാ സ്റ്റോറി എന്ന ചിത്രവും വന്‍ വിവാദമായി മാറിയിരുന്നു. കേരളത്തിനെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണം നേരിട്ട സിനിമയായിരുന്നു കേരളാ സ്റ്റോറി. എന്നാല്‍ ആ സമയം സോഷ്യല്‍ മീഡിയയില്‍ 2018 നെ യഥാര്‍ത്ഥ  കേരളാ സ്‌റ്റോറി എന്ന രീതിയില്‍ പലരും അഭിപ്രായം പങ്കുവെച്ചിരുന്നു. അതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജൂഡ്.


‘ഹിന്ദിയിലെ ഒരു നിര്‍മാതാവിനാണ് നമ്മള്‍ അതിന്റെ വിതരണാവകാശം കൊടുത്തത്. അദ്ദേഹമാണ് റിയല്‍ കേരളാ സ്റ്റോറി എന്ന ക്യാപ്ഷന്‍ കൊടുത്തത്. ഞാന്‍ അപ്പോള്‍തന്നെ പുള്ളിയെ വിളിച്ച് പറഞ്ഞു നിങ്ങള്‍ നമ്മുടെ സിനിമ പ്രൊമോട്ട് ചെയ്യ്, അതിനെക്കുറിച്ച് സംസാരിക്ക്, നാട്ടുകാരുടെ സിനിമയെക്കുറിച്ച് സംസാരിക്കാതെ, നമ്മുടെ സിനിമ എന്താണോ അത് പറയുക വെറുതെ മറ്റ് സിനിമയുമായി കമ്പയര്‍ ചെയ്യുന്നത് എന്തിനാണ്.

 


കേരളാ സ്റ്റോറി എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല. വേറൊരാളുടെ സിനിമയെ കണ്ടുപിടിച്ച് അവനിട്ട് പണി കൊടുക്കണം എന്നാഗ്രഹിക്കുന്ന ഒരു ഫിലിംമേക്കറും ഉണ്ടാവില്ല. നിര്‍മ്മാതാവിന്റെ ഭാഗത്ത് നിന്നല്ല ഡിസ്ട്രിബ്യൂട്ടറുടെ ഭാഗത്ത് നിന്നുണ്ടായ കാര്യമാണത്. അതിന്റെ അടുത്ത ദിവസം തന്നെ ഞാന്‍ അയാളെ വിളിച്ച് അത് മാറ്റാന്‍ പറയുകയും ചെയ്തു,’

മനോരമ ന്യൂസ്‌മേക്കര്‍ 2023ലെ സംവാദവേദിയിലായിരുന്നു ജൂഡിന്റെ പ്രതികരണം.

Content Highlight: Jude Antony Joseph about Kerala Story