സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഇടപെടലിന് സമൂഹം പ്രാധാന്യം കൊടുക്കാത്തതാണ് പ്രശ്നം: ജൂഡ് ആന്തണി ജോസഫ്
Movie Day
സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഇടപെടലിന് സമൂഹം പ്രാധാന്യം കൊടുക്കാത്തതാണ് പ്രശ്നം: ജൂഡ് ആന്തണി ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd January 2024, 1:13 pm

മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുകയും ഓസ്‌കറിന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി നേടുകയും ചെയ്ത ചിത്രമാണ് 2018. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു.

സിനിമ പറയുന്ന രാഷ്ട്രീയതയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സംവിധായകന്റെ മുന്‍കാല ചിത്രങ്ങളിലെ നായികാപ്രാധാന്യത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് ജൂഡിന്റെ പുതിയ പ്രസ്താവന.

2018 എന്ന സിനിമക്ക് മുമ്പ് ചെയ്ത ചിത്രങ്ങളിലെ നായികാപ്രാധാന്യം ബോധപൂര്‍വമായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജൂഡ്.

‘സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ഇടപെടലിനുള്ള സ്പേസ് സമൂഹം എന്തുമാത്രം കൊടുക്കുന്നു എന്നതാണ് പ്രശ്നം. സ്‌കൂള്‍കാലം മുതല്‍ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വേറെവേറെയായി ഇരുത്തുന്ന, സംസാരിക്കുന്നത് പോലും വിലക്കുന്ന സ്‌കൂളുകള്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്.

വിദേശരാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ നമ്മള്‍ സ്ത്രീകളോട് നിങ്ങള്‍ ആദ്യം ഇരിക്കൂ എന്ന് പറയുമ്പോള്‍ അവര്‍ക്ക് അത് എന്തിനാണെന്ന് അറിയില്ല. നമ്മള്‍ അവര്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുന്നത് അവരെ സംബന്ധിച്ച് ഇന്‍സള്‍ട്ട് ചെയ്യുന്നതുപോലെയാണ്.

അവരം നമ്മളും തുല്യരാണെന്നാണ് അവര്‍ വിചാരിച്ചു വെച്ചിരിക്കുന്നത്. എന്റെ സിനിമകളില്‍പ്പോലും പ്രധാനകഥാപാത്രം സ്ത്രീയാണോ പുരുഷനാണോ എന്ന് ചിന്തിക്കാറില്ല. കഥ നല്ലതാണോ അല്ലയോ എന്നതിന് മാത്രമാണ് പരിഗണന.

മാത്രമല്ല എന്റെ സിനിമകളില്‍ മറ്റ് ടെക്നിക്കല്‍ മേഖലകളില്‍ സ്ത്രീകള്‍ ഉണ്ടെങ്കില്‍പ്പോലും എന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരായി സ്ത്രീകളെ വെക്കാറില്ല. ഞാന്‍ അവരോട് ദേഷ്യപ്പെടുന്നത് അവര്‍ ഏത് രീതിയില്‍ എടുക്കുമെന്ന പേടി കാരണമാണ് അങ്ങനെ ചെയ്യുന്നത്. മനോരമ ന്യൂസ്മേക്കര്‍ 2023ലെ സംവാദ വേദിയില്‍ സംസാരിക്കുകയായിരുന്നു ജൂഡ്.

Content Highlight: Jude antony joseph about his movies and interaction between men and women in our society