ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്ന, തന്റെ പുതിയ ചിത്രം സാറാസിനെക്കുറിച്ചുള്ള പ്രതീക്ഷകളും അനുഭവവും പങ്കുവെച്ച് ജൂഡ് ആന്റണി ജോസഫ്. ഫേസ്ബുക്കിലൂടെയായിരുന്നു ജൂഡിന്റെ പ്രതികരണം.
തന്റെ ആദ്യ രണ്ട് ചിത്രങ്ങളും തിയേറ്ററിലായിരുന്നു റീലീസ് ചെയ്തതെന്നും, കൊവിഡ് പ്രതിസന്ധി കാരണം സാറാസ് നാളെ ഒ.ടി.ടി. പ്ലാറ്റ് ഫോമിലൂടെ പുറത്തിറങ്ങുകയാണെന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
നിര്‍മാതാവ് മുരളിയേട്ടനും ശാന്ത ചേച്ചിയും ചങ്കൂറ്റത്തോടെ കൂടെ നിന്നത് കൊണ്ടാണ് എല്ലാ പ്രതിസന്ധികളും കടന്ന് ആമസോണ്‍ പ്രൈമില്‍ വേള്‍ഡ് പ്രീമിയര്‍ ആയി ഈ സിനിമ വരുന്നത്. ലോകം മുഴുവനും ഒരേസമയം ഒരുപാട് പേര്‍ സിനിമ കാണുകയും അഭിപ്രായം പറയുകയും ചെയ്യും എന്നുള്ളത് ആവേശം കൊള്ളിക്കുന്നുണ്ടെങ്കില്‍ പോലും, തീയേറ്റര്‍ എക്‌സ്പീരിയന്‍സ് മിസ്സ് ആകുമെന്നതില്‍ സംശയമില്ലെന്നും ജൂഡ് പറയുന്നു.
ചിത്രം പുറത്തിറങ്ങുന്നതോടെ ചിത്രത്തിന്റെ വിധി നിശ്ചയിക്കപ്പെടും. അത് എന്തു തന്നെ ആയാലും, പൂര്‍ണ മനസോടെ ശരീരത്തോടെ ഞങ്ങള്‍ ചെയ്ത സിനിമയാണ് സാറാസ്. ജീവന്‍ പണയപ്പെടുത്തി എന്ന് അക്ഷരാര്ത്ഥത്തില് പറയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രം കണ്ടിട്ട് ഇഷ്ടമായാലും അല്ലെങ്കിലും തന്നെ അറിയിക്കണമെന്നും ജൂഡ് ഫേസ്ബുക്കില്‍ പറഞ്ഞു.
സാറാസില്‍ അന്ന ബെന്നും സണ്ണി വെയ്‌നുമാണ് പ്രധാന വേഷത്തിലെത്തുന്നത്. കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇരുന്നോറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊവിഡ് സുരക്ഷ പൂര്‍ണമായി ഒരുക്കിയായിരുന്നു ചിത്രത്തിന്റെ ഷൂട്ട്.
അന്നബെന്നിനൊപ്പം ബെന്നി പി നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ക്ലാസ്മേറ്റ്‌സ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇതിന് മുന്‍പ് ഇങ്ങനെ എഴുതിയത് 2014 ഫെബ്രുവരി 7ന് ‘ ഓം ശാന്തി ഓശാന ഇറങ്ങിയപ്പോഴും 2016 സെപ്തംബര്‍ 14ന് ഒരു മുത്തശ്ശി ഗദ ഇറങ്ങിയപ്പോഴുമാണ്. ആദ്യ ചിത്രം ജീവിതം തന്നെ മാറ്റിമറിച്ചു. ഒരുപാട് അഭിനന്ദനങ്ങള്‍, പുരസ്‌കാരങ്ങള്‍. രണ്ടാമത്തെ ചിത്രം അത്രയേറെ ഇല്ലെങ്കില്‍ പോലും നല്ലൊരു കുടുംബ ചിത്രം തന്നെയാണെന്ന് ഇന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
രണ്ടു ചിത്രങ്ങളും തിയേറ്ററില്‍ തന്നെയാണ് ഇറങ്ങിയത്. ആളുകളുടെ ആരവത്തിനിടയില്‍ സിനിമ കണ്ട് കണ്ണ് നിറഞ്ഞ ആ ദിനങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. ലോകം മുഴുവന്‍ ഒരു മഹാമാരിയില്‍ പകച്ച് നില്‍ക്കുമ്പോള്‍ എനിക്കും ഒരു കൂട്ടം സിനിമ പ്രവര്‍ത്തകര്‍ക്കും തൊഴിലും ഉപജീവനവും നല്കിയ സിനിമയാണ് സാറാസ്.
നിര്‍മാതാവ് മുരളിയേട്ടനും ശാന്ത ചേച്ചിയും ചങ്കൂറ്റത്തോടെ കൂടെ നിന്നത് കൊണ്ടാണ് എല്ലാ പ്രതിസന്ധികളും കടന്ന് ആമസോണ്‍ പ്രൈമില്‍ വേള്‍ഡ് പ്രീമിയര്‍ ആയി ഈ സിനിമ വരുന്നത്. ലോകം മുഴുവനും ഒരേ സമയം ഒരുപാട് പേര്‍ സിനിമ കാണുകയും അഭിപ്രായം പറയുകയും ചെയ്യും എന്നുള്ളത് ആവേശം കൊള്ളിക്കുന്നുണ്ടെങ്കില്‍ പോലും, തീയേറ്റര്‍ എക്‌സ്പീരിയന്‍സ് മിസ്സ് ആകുമെന്നതില്‍ സംശയമില്ല. തിയേറ്ററുകള്‍ പൂരപ്പറമ്പാകുന്ന ഒരു സിനിമ ഉടനെ ചെയ്യാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
സാറാസ്, ട്രൈലറില്‍ കണ്ട പോലെ തന്നെയാണ്. പക്ഷേ ഒരുഗ്രന്‍ ചിരിപ്പടമല്ല സാറാസ്. വളരെ സൂക്ഷമതയോടെ ഒരു കാര്യം നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത് പറയാനുള്ള എളിയ ശ്രമം മാത്രം. ഇതുവരെ കൂടെ നിന്ന എല്ലാവരെയും സ്‌നേഹത്തോടെ ഓര്‍ക്കുന്നു. നാളെ ഈ സമയത്ത് സാറാസിന്റെ വിധി നിശ്ചയിക്കപ്പെട്ട് കഴിഞ്ഞിരിക്കും. അത് എന്തു തന്നെ ആയാലും, പൂര്‍ണ മനസോടെ ശരീരത്തോടെ ഞങ്ങള്‍ ചെയ്ത സിനിമയാണ് സാറാസ്. ജീവന്‍ പണയപ്പെടുത്തി എന്ന് അക്ഷരാര്ത്ഥത്തില് പറയാം. അതുകൊണ്ട് നിങ്ങളും അല്പം റിസ്‌ക് എടുക്കുന്നതില്‍ തെറ്റില്ല. ഒരു ചെറു ചിത്രം പ്രതീക്ഷിച്ച് പ്ലേ ബട്ടണ്‍ ഞെക്കുക. കണ്ടിട്ട് ഇഷ്ടമായാല്‍ /ഇല്ലെങ്കിലും മെസേജ് അയക്കുക/വിളിക്കുക.
ഒത്തിരി സ്‌നേഹത്തോടെ
നിങ്ങളുടെ സ്വന്തം
ജൂഡ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Jude Antony Joseph about his movie Saras