സാറാസിലേക്ക് ഒരാളെകൂടി ഞാന്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നു, പക്ഷെ അവര്‍ക്ക് വരാന്‍ പറ്റിയില്ല; പ്രിയപ്പെട്ട ഗായികയെക്കുറിച്ച് ജൂഡ്
Movie Day
സാറാസിലേക്ക് ഒരാളെകൂടി ഞാന്‍ അഭിനയിക്കാന്‍ വിളിച്ചിരുന്നു, പക്ഷെ അവര്‍ക്ക് വരാന്‍ പറ്റിയില്ല; പ്രിയപ്പെട്ട ഗായികയെക്കുറിച്ച് ജൂഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th July 2021, 3:25 pm

കൊച്ചി: പുതിയ ചിത്രം സാറാസില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അണിനിരത്താന്‍ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ശ്രദ്ധിച്ചിട്ടുണ്ട്. കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ തുടങ്ങി നിരവധി പേരെയാണ് അദ്ദേഹം ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്.

ഒരാളെ കൂടി തനിക്ക് ഈ ചിത്രത്തിലെ ഒരു സീനില്‍ അഭിനയിപ്പിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ ജൂഡ്. ഗായിക സുജാതയായിരുന്നു അതെന്നും ജൂഡ് പറഞ്ഞു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജൂഡിന്റെ പ്രതികരണം.

‘ഒരു സിനിമ ചെയ്യുമ്പോള്‍ എല്ലാവര്‍ക്കു ഇഷ്ടമുള്ള പുതിയ ആളെ കൊണ്ട് വരണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് കളക്ടര്‍ ബ്രോയെയും ധന്യ വര്‍മ്മയെയുമൊക്കെ അഭിനയിപ്പിച്ചത്. ഞാന്‍ ഈ സിനിമയിലേക്ക് അഭിനയിക്കാന്‍ ക്ഷണിച്ച മറ്റൊരാള്‍ സുജാത ചേച്ചി ആയിരുന്നു. ചേച്ചി ആ സമയത്ത് ചെന്നൈയിലായിരുന്നു.

അവര്‍ക്ക് അന്ന് വരാന്‍ പറ്റിയില്ല. അങ്ങനെ അല്ലായിരുന്നെങ്കില്‍ നിങ്ങള്‍ ഈ പറയുന്ന പേരുകളുടെ കൂട്ടത്തില്‍ അവരുടെ പേര് കൂടി വന്നേനെ. വലിയൊരു ആഗ്രഹമായിരുന്നു അവരെ വെച്ച് അഭിനയിപ്പിക്കുക എന്നത്. ഇനിയുള്ള പടത്തിലെങ്കിലും അവരെ ഞാന്‍ കൊണ്ടു വരും,’ ജൂഡ് ആന്റണി ജോസഫ് പറഞ്ഞു.

വ്യത്യസ്ത മേഖലയിലുള്ള നിരവധി പേരെ ജൂഡ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെന്നി പി. നായരമ്പലം, വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, അവതാരക ധന്യ വര്‍മ്മ, വിജയ കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രം കണ്ടതിന് പിന്നാലെയാണ് തനിക്കും ഇത്തരത്തില്‍ കാസ്റ്റിങ്ങില്‍ പരീക്ഷണം നടത്തണമെന്ന ആഗ്രഹം തോന്നിയതെന്നും ജൂഡ് പറഞ്ഞിരുന്നു.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് സാറാസ്.

ഒരു വശത്ത് ഗര്‍ഭിണിയാകല്‍, കുട്ടികള്‍, പാരന്റിംഗ്, കുടുംബം, ബന്ധുജനങ്ങള്‍ എന്നിവയും അപ്പുറത്ത് സ്വന്തം ജീവിതം, സ്വപ്നം, ശരീരം, താല്‍പര്യം എന്നിവ വരുമ്പോള്‍ സ്ത്രീകള്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങളും ചിത്രം വ്യക്തതയോടെ സംസാരിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Jude Antony Joseph about his favorite actress who want to act in Sara’S