| Thursday, 8th July 2021, 4:32 pm

സിനിമ ഇറങ്ങുമ്പോള്‍ കീറിയൊട്ടിക്കുമെന്നാണ് വിചാരിച്ചത്, അതുണ്ടായില്ല; ജൂഡ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അന്നബെന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം വ്യത്യസ്തമായ ഒരു പ്രമേയം തന്നെയാണ് മുന്നോട്ടുവെച്ചത്.

ഗര്‍ഭിണിയാകല്‍, അബോര്‍ഷന്‍, പാരന്റിംഗ് ഇവയുടെ വിവിധ വശങ്ങള്‍ ഒരു സ്ത്രീയുടെ ഭാഗത്ത് നിന്ന്, അതും കുട്ടികളെ വളര്‍ത്താന്‍ താല്‍പര്യം ഇല്ലാത്ത ഒരു സ്ത്രീയുടെ ഭാഗത്തു നിന്നുകൊണ്ടാണ് ചിത്രം പറയുന്നത്.

സിനിമ ഇറങ്ങുമ്പോള്‍ കീറിയൊട്ടിക്കുമെന്ന് വിചാരിച്ചിരുന്നുവെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ ജൂഡ്. ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ ഇതിനെക്കുറിച്ച് കൂടുതലായി വരാന്‍ പോകുന്നത് നെഗറ്റീവ്‌സ് ആയിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അബോര്‍ഷനെ നമ്മള്‍ സപ്പോര്‍ട്ട് ചെയ്യാമോ, എന്ന് ചോദിച്ച് ഒരുപാട് പേര്‍ കീറിയൊട്ടിക്കും എന്ന് തന്നെയാണ് വിചാരിച്ചിരുന്നത്.

പക്ഷെ ഞാന്‍ പ്രതീക്ഷിച്ച അത്ര കീറിയൊട്ടിക്കല്‍ ഉണ്ടായിട്ടില്ല. കൂടുതല്‍ നല്ല കാര്യങ്ങളാണ് എല്ലാവരും പറയുന്നത്. സത്യസന്ധമായി പറയുകയാണെങ്കില്‍ എന്റെ കഴിഞ്ഞ സിനിമകളെ വെച്ച് നോക്കുമ്പോള്‍ അഭിനന്ദിച്ചുകൊണ്ടുള്ള കോളുകളും മെസേജുകളും ധാരാളം വരുന്നത് ഈ ചിത്രത്തിന് ശേഷമാണ്.

സത്യമാണ് പറയുന്നത്. ഫോണ്‍ താഴെ വെയ്ക്കാന്‍ പറ്റുന്നില്ല. അതൊരു ഭാഗ്യമായി കാണുന്നു. എനിക്ക് എല്ലാവരോടും സംസാരിക്കണമെന്നുണ്ട്,’ ജൂഡ് പറഞ്ഞു.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് സാറാസ്.

ഒരു വശത്ത് ഗര്‍ഭിണിയാകല്‍, കുട്ടികള്‍, പാരന്റിംഗ്, കുടുംബം, ബന്ധുജനങ്ങള്‍ എന്നിവയും അപ്പുറത്ത് സ്വന്തം ജീവിതം, സ്വപ്നം, ശരീരം, താല്‍പര്യം എന്നിവ വരുമ്പോള്‍ സ്ത്രീകള്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങളും ചിത്രം വ്യക്തതയോടെ സംസാരിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Jude Antony About Sara’S Film

Latest Stories

We use cookies to give you the best possible experience. Learn more