'ആ സിനിമയുടെ ബാക്ക്ഗ്രൗണ്ട് സ്കോർ കഴിയുന്നത് വരെ പടം ഓടില്ലെന്ന് കരുതി; എന്നാൽ ക്ലൈമാക്സ് ആയപ്പോഴേക്കും 100 ദിവസം...'
Film News
'ആ സിനിമയുടെ ബാക്ക്ഗ്രൗണ്ട് സ്കോർ കഴിയുന്നത് വരെ പടം ഓടില്ലെന്ന് കരുതി; എന്നാൽ ക്ലൈമാക്സ് ആയപ്പോഴേക്കും 100 ദിവസം...'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th January 2024, 10:52 pm

ഓം ശാന്തി ഓശാന സിനിമയുടെ ബാക്ക്ഗ്രൗണ്ട് സ്കോർ വരുന്നതിന് മുൻപ് വരെ പടം ഓടുമോയെന്ന പേടി ഉണ്ടായിരുന്നെന്ന് സംവിധായകൻ ജൂഡ് ആന്തണി. ഷാൻ റഹ്മാൻ പകുതി വരെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തപ്പോൾ താൻ പേടിക്കാനില്ലായെന്ന് പറഞ്ഞിരുന്നെന്നും ജൂഡ് കൂട്ടിച്ചേർത്തു. എന്നാൽ ബാക്ക്ഗ്രൗണ്ട് സ്കോർ വന്നതിന് ശേഷം പടം നൂറ് ദിവസം ഓടുമെന്ന് പറഞ്ഞിരുന്നെന്നും ജൂഡ് ആന്തണി മിർച്ചി മലയാളത്തോട് പറഞ്ഞു.

‘ഓം ശാന്തി ഓശാനയുടെ കാര്യത്തിൽ എനിക്ക് ബാക്ക്ഗ്രൗണ്ട് സ്കോർ കഴിയുന്നതുവരെ പേടിയുണ്ടായിരുന്നു. ബാക്ക്ഗ്രൗണ്ട് സ്കോർ കാണുന്നതിനു മുൻപ് ഇത് ഒരാഴ്ച ഓടുമായിരിക്കും എന്നൊക്കെയായിരുന്നു മൂഡ്. ഷാനിക്ക അതിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുന്നു. അത് പകുതി ആയപ്പോൾ ഞാൻ പറഞ്ഞു ഒന്നും പേടിക്കാനില്ല എന്ന്. ക്ലൈമാക്സ് ആയപ്പോഴേക്കും 100 ദിവസം ഓടുമെന്ന് ഞാൻ പറഞ്ഞു. അതിനുശേഷം തിയേറ്ററിൽ വന്ന ദിവസം തന്നെ എനിക്ക് ഉറപ്പായിരുന്നു ചിത്രം സൂപ്പർ ഹിറ്റ് ആവുമെന്ന്,’ ജൂഡ് ആന്തണി പറഞ്ഞു.

2018 സിനിമയുടെ റിലീസിന് മുമ്പ് ചിത്രത്തിന് പ്രൊമോഷൻ വളരെ കുറവായിരുന്നു. എന്നാൽ ചിത്രത്തിന്റെ ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ തന്നെ ഇനി അധികം പ്രൊമോഷൻ വേണ്ടി വരില്ലെന്ന് തനിക്ക് മനസിലായിരുന്നു എന്നും ജൂഡ് അഭിമുഖത്തിൽ പറയുന്നുണ്ട്.

‘2018 അനൗൺസ് ചെയ്തപ്പോൾ തൊട്ട് ഞാൻ കേൾക്കുന്നതാണ് ഈ സിനിമ ഇവനെ കൊണ്ടൊന്നും താങ്ങൂലായെന്ന്. പക്ഷെ എനിക്കത് ഇഷ്ടമായിരുന്നു. കാരണം എന്നെ തളർത്താൻ ഏറ്റവും എളുപ്പമുള്ള വഴി ഞാൻ ഭയങ്കര സംഭവമാണെന്ന് പറയുന്നതാണ്. അങ്ങനെ പറഞ്ഞാൽ ഞാൻ കിടന്ന് ഉറങ്ങും.

പക്ഷെ നീ അതിനൊന്നും ആയിട്ടില്ല എന്ന് പറഞ്ഞാൽ ഞാൻ ചാടിയെഴുന്നേറ്റ് പണിയെടുത്ത് തുടങ്ങും. 2018 പൊട്ടുമെന്നൊക്കെ താഴെ കമന്റ്‌ ഇടുമ്പോൾ ഞാനത് വായിച്ചിട്ട്, പിന്നെ നീ പൊട്ടിക്കാൻ വാ, വന്നിട്ട് ഞാൻ കാണിച്ചു തരാം എന്ന് പറഞ്ഞിരുന്നു.

2018ന് കാര്യമായ പോസ്റ്ററുകൾ ഒന്നുമില്ലായിരുന്നു. ഞാൻ മുൻപേജിൽ പരസ്യം ചോദിച്ചിട്ട് ബഡ്ജറ്റ് പ്രശ്നങ്ങൾ കാരണം അതും കിട്ടിയില്ല. പക്ഷെ 2018ന്റെ ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾക്ക്‌ പ്രൊമോഷൻ വേണ്ടി വരില്ലായെന്ന് എനിക്ക് മനസിലായി,’ജൂഡ് ആന്തണി പറയുന്നു.

Content Highlight: Jude anthony about Ohm santhi oshana movie’s background score