കൊച്ചി: കഥ കേട്ടതുമുതല്‍ സാറാസിലെ കഥാപാത്രമാകാന്‍ മനസ്സില്‍ ആദ്യം കണ്ടത് അന്ന ബെന്നിനെ ആയിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കഥ പറയുമ്പോള്‍ തന്നെ അതിലെ കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സില്‍ വരും. സിനിമ കാണുന്നവര്‍ക്ക് തന്നെ തോന്നാം ഈ കഥാപാത്രം അന്ന ബെന്‍ അല്ലെങ്കില്‍ ആര് ചെയ്യുമെന്ന്.
അന്ന ബെന്‍ അല്ലെങ്കില്‍ വേറെ ആരോട് പോയി ഈ കഥ പറയുമെന്ന് ആലോചിച്ചിട്ടില്ല. വേറെ ആരോടേലും പറയുമെന്നും തോന്നുന്നില്ല. അന്ന ബെന്നിനോട് കഥ പറയുന്ന സമയത്ത് തന്നെ എനിക്ക് തോന്നിയ ഒരു ഐഡിയയാണ് ബെന്നി പി. നായരമ്പലത്തിനെ ചിത്രത്തിലെ കഥാപാത്രമാക്കിയത്.
ഇങ്ങനെയൊരു ക്യാരക്ടര്‍ ഉണ്ടെന്ന് ഞാന്‍ ബെന്നി ചേട്ടനോട് പറഞ്ഞപ്പോള്‍ തന്നെ എടാ നമുക്ക് ചെയ്യാടാ എന്നൊക്കെ പറഞ്ഞ് പുള്ളി നല്ല സപ്പോര്‍ട്ടായിരുന്നു. എല്ലാവരും വളരെ പോസിറ്റീവായി സംസാരിച്ചതുകൊണ്ട് മാത്രം സംഭവിച്ചതാണ് ഈ സിനിമ’, ജൂഡ് പറഞ്ഞു.
അന്നബെന്‍, സണ്ണി വെയ്ന്‍, മല്ലിക സുകുമാരന്‍, ബെന്നി പി. നായരമ്പലം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.
ഗര്‍ഭിണിയാകല്‍, അബോര്‍ഷന്‍, പാരന്റിംഗ് ഇവയുടെ വിവിധ വശങ്ങള്‍ ഒരു സ്ത്രീയുടെ ഭാഗത്ത് നിന്ന്, അതും കുട്ടികളെ വളര്‍ത്താന്‍ താല്‍പര്യം ഇല്ലാത്ത ഒരു സ്ത്രീയുടെ ഭാഗത്തു നിന്നുകൊണ്ടാണ് ചിത്രം പറയുന്നത്.
ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് സാറാസ്.
ഒരു വശത്ത് ഗര്‍ഭിണിയാകല്‍, കുട്ടികള്‍, പാരന്റിംഗ്, കുടുംബം, ബന്ധുജനങ്ങള്‍ എന്നിവയും അപ്പുറത്ത് സ്വന്തം ജീവിതം, സ്വപ്നം, ശരീരം, താല്‍പര്യം എന്നിവ വരുമ്പോള്‍ സ്ത്രീകള്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങളും ചിത്രം വ്യക്തതയോടെ സംസാരിക്കുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Jude Antony About Casting Anna Ben In Sara’s