| Thursday, 4th January 2024, 5:29 pm

ബുദ്ധിയുള്ള ഒരു മലയാളി അവിടെ ഉണ്ടായിരുന്നുവെങ്കിൽ ഓസ്കാർ കിട്ടിയേനെ, അടുത്ത തവണ പോവുന്നവന് ഞാൻ പറഞ്ഞ് കൊടുക്കാം എന്ത് ചെയ്യണമെന്ന്: ജൂഡ് ആന്തണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫൈനൽ സ്റ്റേജിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും 2018 എന്ന സിനിമക്ക്‌ ഓസ്കാർ കിട്ടുമെന്ന് തനിക്ക് ഉറപ്പായിരുന്നു എന്നാണ് സംവിധായകൻ ജൂഡ് ആന്തണി പറയുന്നത്.

ആദ്യ പതിനഞ്ചിൽ എത്തിയിരുന്നെങ്കിൽ തീർച്ചയായും അവാർഡ് നേടിയേനെയെന്നും അടുത്ത തവണ ഓസ്കാറിന് പോകുന്നവർക്ക് താൻ നിർദേശം നൽകാമെന്നും മിർച്ചി മലയാളത്തോട് ജൂഡ് പറഞ്ഞു.

‘2018ന് ഓസ്കാർ കിട്ടിയേനേ. പക്ഷെ അതിന്റെ ഒരു ഫൈനൽ സ്റ്റേജിനെ കുറിച്ച് ആർക്കും വലിയ ധാരണ ഇല്ലായിരുന്നു. എനിക്കും ഉണ്ടായിരുന്നില്ല ആർക്കും ഉണ്ടായിരുന്നില്ല. 2018 ന്റെ കൂടെ മത്സരിച്ച ചിത്രങ്ങൾ 88 രാജ്യങ്ങളിൽ നിന്നുള്ളവയായിരുന്നു. അതിന്റെയെല്ലാം പ്രഡിക്ഷൻ ലിസ്റ്റ് ആദ്യമേ വന്നിട്ടുണ്ടായിരുന്നു. അവസാന പതിനഞ്ചിൽ വരുന്ന സിനിമകളുടെ ലിസ്റ്റ് ആയിരുന്നു അത്. അതിനൊക്കെ ശേഷമാണ് നമ്മുടെ സിനിമ അങ്ങോട്ട് സെലക്ട്‌ ചെയ്യുന്നത്.

നവംബർ ഒന്നിനാണ് ഞാൻ അവിടെ എത്തിയത് കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് എന്തൊക്കയാണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസിലാവുന്നത്. കാരണം അവിടെ ഉള്ളവൻമാരൊന്നും ഒന്നും പറഞ്ഞ് തരില്ല. ഞാൻ കുറേ കാര്യങ്ങൾ ചെയ്തതിന് ശേഷമാണ് നമ്മുടെ സിനിമ ഇതിന് മത്സരിക്കുന്നുണ്ടെന്ന് കുറേ പേര് അറിയുന്നത്.

എങ്കിലും ഞാൻ പ്രതീക്ഷിച്ചു എന്റെയൊരു ഭാഗ്യം വെച്ച് ഞാൻ ആദ്യ പതിനഞ്ചിൽ കയറിയേക്കാമെന്ന്. ആ പതിനഞ്ചിൽ എത്തിയാൽ എനിക്ക് ഉറപ്പായിരുന്നു ഓസ്കാർ കിട്ടുമെന്ന്. കാരണം അപ്പോൾ അവർ എല്ലാ സിനിമയും കാണും. അല്ലെങ്കിൽ അവർ 88 സിനിമകളെ ഓരോ ഗ്രൂപ്പ്‌ ആയിട്ട് തിരിച്ചിട്ടാണ് കാണുക. ഓരോ ഗ്രൂപ്പിലും നൂറോളം ആളുകൾ ഉണ്ടാവും.

അവർ സിനിമകളൊക്കെ കണ്ടിട്ടാണ് വോട്ട് ചെയ്യുക. പക്ഷെ ആരും കുത്തിയിരുന്ന് അതൊന്നും കാണില്ല. അവർ പരസ്യത്തിൽ കണ്ടിട്ടുള്ളതും വായിച്ചതുമായ ചിത്രങ്ങൾ ടിക്ക് ചെയ്ത് വിടും. അല്ലാതെ നമ്മുടെ സിനിമ കാണാൻ ഉള്ള ഭാഗ്യം അവർക്കില്ല, അവർ കണ്ടിട്ട് പോലുമുണ്ടാവില്ല എന്നെനിക്കുറപ്പാണ്.

ഒരു ബുദ്ധിയുള്ള മലയാളി അവിടെ എത്തികഴിഞ്ഞാൽ നമുക്കൊരു ഓസ്കാർ കിട്ടാൻ ഉള്ള എല്ലാ വഴിയുമുണ്ട്. അടുത്ത വർഷം ഓസ്കാറിനായി ആരാണോ ഇന്ത്യയിൽ നിന്ന് പോവുന്നത് അവന് ഞാൻ പറഞ്ഞു കൊടുക്കാം അവിടെ ചെന്നിട്ട് എന്താണ് ചെയ്യേണ്ടതെന്ന്. കാരണം കിട്ടുമെന്ന് എനിക്കുറപ്പാണ്,’ജൂഡ് ആന്തണി പറയുന്നു

Content Highlight: Jude Anthony Talk About 2018 Movie Oscar Entry

We use cookies to give you the best possible experience. Learn more