| Thursday, 4th January 2024, 6:07 pm

ഞാൻ വലിയ സംഭവമാണെന്ന് ആരെങ്കിലും പറഞ്ഞാൽ ഞാൻ കിടന്നുറങ്ങും പക്ഷെ പറയുന്നത് മറിച്ചാണെങ്കിൽ...: ജൂഡ് ആന്തണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വർഷം ചെറിയ ഹൈപ്പിൽ തിയേറ്ററുകളിലെത്തി വമ്പൻ വിജയമായി മാറിയ ചിത്രമായിരുന്നു 2018. 2018ലെ കേരളത്തിലെ പ്രളയകാലത്തെ ആസ്പദമാക്കിയാണ് ജൂഡ് ആന്തണി സിനിമ ഒരുക്കിയത്.

റിലീസിന് മുമ്പ് ചിത്രത്തിന് പ്രൊമോഷൻ വളരെ കുറവായിരുന്നു. എന്നാൽ ചിത്രത്തിന്റെ ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ തന്നെ ഇനി അധികം പ്രൊമോഷൻ വേണ്ടി വരില്ലെന്ന് തനിക്ക് മനസിലായിരുന്നു എന്നാണ് ജൂഡ് ആന്തണി പറയുന്നത്.

റിലീസിന് മുമ്പ് തനിക്ക് ഇതിന് കഴിയിലെന്ന് പറഞ്ഞവർ ഉണ്ടെന്നും തന്നെ തളർത്താൻ എളുപ്പമാണെന്നും ജൂഡ് ആന്തണി പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു ജൂഡ്.

‘2018 അനൗൺസ് ചെയ്തപ്പോൾ തൊട്ട് ഞാൻ കേൾക്കുന്നതാണ് ഈ സിനിമ ഇവനെ കൊണ്ടൊന്നും താങ്ങൂലായെന്ന്. പക്ഷെ എനിക്കത് ഇഷ്ടമായിരുന്നു. കാരണം എന്നെ തളർത്താൻ ഏറ്റവും എളുപ്പമുള്ള വഴി ഞാൻ ഭയങ്കര സംഭവമാണെന്ന് പറയുന്നതാണ്. അങ്ങനെ പറഞ്ഞാൽ ഞാൻ കിടന്ന് ഉറങ്ങും.

പക്ഷെ നീ അതിനൊന്നും ആയിട്ടില്ല എന്ന് പറഞ്ഞാൽ ഞാൻ ചാടിയെഴുന്നേറ്റ് പണിയെടുത്ത് തുടങ്ങും. 2018 പൊട്ടുമെന്നൊക്കെ താഴെ കമന്റ്‌ ഇടുമ്പോൾ ഞാനത് വായിച്ചിട്ട്, പിന്നെ നീ പൊട്ടിക്കാൻ വാ, വന്നിട്ട് ഞാൻ കാണിച്ചു തരാം എന്ന് പറഞ്ഞിരുന്നു.

2018ന് കാര്യമായ പോസ്റ്ററുകൾ ഒന്നുമില്ലായിരുന്നു. ഞാൻ മുൻപേജിൽ പരസ്യം ചോദിച്ചിട്ട് ബഡ്ജറ്റ് പ്രശ്നങ്ങൾ കാരണം അതും കിട്ടിയില്ല. പക്ഷെ 2018ന്റെ ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾക്ക്‌ പ്രൊമോഷൻ വേണ്ടി വരില്ലായെന്ന് എനിക്ക് മനസിലായി,’ജൂഡ് ആന്തണി പറയുന്നു.

Content  Highlight: Jude Anthony Talk About 2018 Movie Promotion

We use cookies to give you the best possible experience. Learn more