മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത 2018-ലെ കേരളത്തിലെ പ്രളയത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് 2018 എവരിവണ്‍ ഈസ് എ ഹീറോ. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പിന്തുണയോടുകൂടി മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിത്രം. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ലാല്‍, നരേയ്ന്‍, അപര്‍ണ ബാലമുരളി, ഇന്ദ്രന്‍സ്, തന്‍വി റാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജൂഡ് ആന്തണി ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്.
ഹോളിവുഡില്‍ പോലും ചെയ്യാത്ത ഒരു പ്ലാനിലാണ് ചിത്രത്തില്‍ വെള്ളപ്പൊക്കം ഷൂട്ട് ചെയ്തതെന്ന് പറയുകയാണ് ജൂഡ് ആന്തണി. നിര്‍മാതാവ് ആന്റോ ജോസഫ് ഇക്കാര്യത്തില്‍ തനിക്ക് നല്ല പിന്തുണ നല്‍കിയെന്നും ജൂഡ് പറഞ്ഞു. 2018 റിലീസിന് മുമ്പ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.
‘വെള്ളപ്പൊക്കം ഷൂട്ട് ചെയ്യാന്‍ വളരെ ബുദ്ധിപരമായ പ്ലാന്‍ ഞങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. പറഞ്ഞ് കഴിഞ്ഞാല്‍ അതിന്റെ വില പോകും. ഹോളിവുഡ് സ്റ്റൈല്‍ ചെയ്യുകയാണെങ്കില്‍ ഒരുപാട് ബജറ്റ് ആകും. ഹോളിവുഡില്‍ പോലും ചെയ്യാത്ത ഒരു പ്ലാന്‍ ആയിരുന്നു ഞാനും ആര്‍ട്ട് ഡയറക്ടര്‍ മോഹന്‍ദാസും ചേര്‍ന്നുണ്ടാക്കിയത്. മാമാങ്കം, ലൂസിഫര്‍ എന്നീ സിനിമകളില്‍ ആര്‍ട്ട് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്തിട്ടുള്ള വ്യക്തിയാണ് മോഹന്‍ദാസ്.
വെള്ളപ്പൊക്കം നമ്മള്‍ ക്രിയേറ്റ് ചെയ്യും, അടിപൊളിയായിരിക്കും. മലയാള സിനിമയില്‍ ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ പറ്റിയ ഒരു പ്രൊഡ്യൂസറെ ഉള്ളൂ, അതാണ് ആന്റോ ചേട്ടന്‍. ചേട്ടാ ഇങ്ങനെ ഒരു സാധനമുണ്ടെന്ന് ആന്റോ ചേട്ടനോട് ഞാന്‍ പറഞ്ഞിരുന്നു. ഇത് നമ്മള്‍ എങ്ങനെ ചെയ്യുമെന്ന് അപ്പോള്‍ ആന്റോ ചേട്ടന്‍ എന്നോട് ചോദിച്ചു. അപ്പോള്‍ ഞാന്‍ ചേട്ടനോട് പ്ലാന്‍ പറഞ്ഞു. പിന്നെ ക്യാമറാമാന്‍ ജോമോനോടും പറഞ്ഞു, അവനും ഇഷ്ടപ്പെട്ടു.
പിന്നീട് ഞങ്ങള്‍ എല്ലാവരും കൂടി ചേര്‍ന്ന് ഈ പടം അനൗണ്‍സ് ചെയ്തിട്ട് ഇപ്പോള്‍ മൂന്ന് വര്‍ഷം ആകാറായി. പ്രീപ്രൊഡക്ഷന് നല്ല വര്‍ക്കുള്ള പടമായിരുന്നു ഇത്. ഒരു പ്രൊഡ്യൂസര്‍ എന്നതിനേക്കാള്‍ ഉപരി ആന്റോ ചേട്ടനെ പോലെയുള്ള ആള്‍ വേണം. ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയുന്ന, എല്ലാവരുമായി നല്ല ബന്ധമുള്ള ഒരാള്‍ വിചാരിച്ചാല്‍ മാത്രമേ ഇത്രയധികം ആളുകളെ ഒരുമിച്ച് കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ ഞങ്ങള്‍ മൂന്ന് പേരും ഞാനും, ആന്റോ ചേട്ടനും, ബാദൂക്കയും വളരെ കഷ്ടപ്പെട്ട് എത്രയോ പ്രവശ്യം എത്രയോ പേരെ കണ്ടിട്ടാണ് ഈ പ്ലാന്‍ ഒക്കെ സെറ്റ് ചെയ്തത്.’ ജൂഡ് ആന്തണി പറഞ്ഞു.
Content Highlight: Jude Anthony says that the flood in the film was shot in a plan that is not even done in Hollywood