അവൾ ഇല്ലാതെ ആ സിനിമ സംഭവിക്കില്ലായിരുന്നു, സത്യത്തിൽ എനിക്കൊരു പണിയും ഇല്ലായിരുന്നു അന്ന്: ജൂഡ് ആന്തണി
Entertainment
അവൾ ഇല്ലാതെ ആ സിനിമ സംഭവിക്കില്ലായിരുന്നു, സത്യത്തിൽ എനിക്കൊരു പണിയും ഇല്ലായിരുന്നു അന്ന്: ജൂഡ് ആന്തണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd January 2024, 1:23 pm

ജൂഡ് ആന്തണി ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓം ശാന്തി ഓശാന. നസ്രിയ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിൽ നായകനായെത്തിയത് നിവിൻ പോളിയായിരുന്നു.

തിയേറ്ററിൽ വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ഓം ശാന്തി ഓശാന. ചിത്രം വലിയ രീതിയിൽ സ്വീകരിക്കപ്പെടാൻ കാരണം നസ്രിയ ആണെന്നാണ് ജൂഡ് പറയുന്നത്.

താനിപ്പോഴും ഓർക്കുന്ന ഇഷ്ടമുള്ള കാലമാണതെന്നും ക്യാമറ ഓൺ ആക്കിയാൽ നസ്രിയ എല്ലാം ചെയ്യുന്നത് കൊണ്ട് തനിക്ക് പണിയൊന്നും ഇല്ലായിരുന്നുവെന്നും ജൂഡ് പറയുന്നു. ഈയിടെ നസ്രിയക്ക്‌ താൻ താങ്ക്യൂവെന്ന് മെസ്സേജ് അയച്ചുവെന്നും ജൂഡ് കൂട്ടിചേർത്തു. ഓം ശാന്തി ഓശാനയിൽ നസ്രിയക്ക്‌ പകരം വേറൊരാൾ ആയിരുന്നെങ്കിൽ ഇത്ര വിജയമാവുമോ എന്ന ചോദ്യത്തിന് മിർച്ചി മലയാളത്തോട് ഉത്തരം പറയുകയായിരുന്നു ജൂഡ്.

‘എനിക്ക് തോന്നുന്നില്ല. കഴിഞ്ഞ ദിവസം കൂടെ നസ്രിയക്ക് മെസേജ് അയച്ചിരുന്നു. എന്റെ അടുത്ത് ഒരാൾ ഭയങ്കര വിശദമായി ഇതിനെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ ആലോചിച്ചതേയുള്ളു നസ്രിയയെ കുറിച്ച്.

വേറെ ആരെ വെച്ച് ഓം ശാന്തി ഓശാന ചെയ്യുമെന്ന് ആലോചിച്ചപ്പോൾ ഞാൻ അവൾക്ക് വെറുതെ താങ്ക്യൂ എന്ന് മെസേജ് അയച്ചു. അപ്പോൾ അവൾ, എന്താ ചേട്ടാ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ഒന്നുമില്ല വെറുതെ ഇരിക്കട്ടെ കുറെ കാലമായില്ലേയെന്ന്.

കാരണം ഞാൻ ഇന്നും ഓർക്കുന്ന ഭയങ്കര ഇഷ്ടമുള്ള ഒരു കാലമാണത്. സത്യം പറഞ്ഞാൽ ആ ചിത്രത്തിന്റെ ഷൂട്ടിങ് ടൈമിൽ എനിക്ക് ഒരു പണിയും ഇല്ലായിരുന്നു. ഞാൻ ബാക്കി കാര്യങ്ങൾ മാത്രം നോക്കിയാൽ മതിയായിരുന്നു.

രാവിലെ നസ്രിയ വരുന്നു ഞാൻ ചുമ്മ ക്യാമറ ഓൺ ആക്കുന്നു നസ്രിയ ചെയ്യാൻ ഉള്ളതൊക്കെ ചെയ്യുന്നു. ഇടയ്ക്ക് എപ്പോഴെങ്കിലും മാത്രമേ , കുറച്ചുകൂടി നന്നായിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് പറയേണ്ടി വന്നിട്ടുള്ളൂ.

നസ്രിയ ഇല്ലാതെ ഓം ശാന്തി ഓശാന ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയാണെങ്കിൽ ഒരുപക്ഷെ ഇതായിരിക്കില്ല സിനിമയുടെ റിസൾട്ട്. ചിലപ്പോൾ പടം നല്ലതായിരിക്കും. പക്ഷെ ഇത്രയും സ്വീകരിക്കപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല,’ജൂഡ് ആന്തണി പറയുന്നു.

Content Highlight: Jude Anthony Says That Nasriya Is The Main Reason Of Acceptance Of Om Shanthi Oshana Movie