| Friday, 12th January 2024, 8:25 pm

'മുഖ്യമന്ത്രിയെ ഞാൻ അപമാനിച്ചിട്ടില്ല, നിങ്ങളുടെ രാഷ്ട്രീയം മനസിലായി, ഉത്തരം പറയാൻ സൗകര്യമില്ല'; 2018നെ കുറിച്ചുള്ള ചോദ്യത്തിന് ജൂഡിന്റെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞവർഷം മലയാളത്തിൽ ഇറങ്ങി വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. 2018 ൽ കേരളത്തിൽ സംഭവിച്ച മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയത്.

ബോക്സ് ഓഫീസിൽ വമ്പൻ ചലനം ഉണ്ടാക്കിയെങ്കിലും സിനിമ യാഥാർത്ഥ്യത്തോട് നീതിപുലർത്തിയില്ല എന്ന തരത്തിൽ വിവാദങ്ങൾ ഉയർന്നുവന്നിരുന്നു.

പ്രളയം പോലൊരു വിഷയത്തെ അടിസ്ഥാനമാക്കി സിനിമ എടുത്തപ്പോൾ അന്ന് ഭരണത്തിലുള്ളവരുടെയോ മറ്റു പൊതു സംവിധാനങ്ങളുടെയോ യാതൊരുവിധത്തിലുള്ള പ്രവർത്തനങ്ങളും സിനിമയിൽ ഉൾപ്പെടുത്തിയില്ല എന്നതായിരുന്നു പ്രധാന ആരോപണം. ചിത്രത്തിൽ മുഖ്യമന്ത്രിയെ അപമാനിച്ചുവെന്നും വിമർശനം ഉയർന്നിരുന്നു.

ഏഴാമത് കേരള സാഹിത്യോത്സവത്തിന്റെ ഭാഗമായി റിയൽ ടൂ റീൽ എന്ന വിഷയത്തിൽ ഇതിന് മറുപടി പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ ജൂഡ്. താൻ ചിത്രത്തിൽ മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ല എന്ന വ്യക്തമായ ധാരണ തനിക്കുണ്ടെന്നും ചിത്രത്തിൽ കാണിച്ചത് കേരളത്തിന്റെ ഒരുമയാണെന്നും ജൂഡ് പറയുന്നു. തനിക്ക് രാഷ്ട്രീയം സംസാരിക്കാൻ താത്പര്യം ഇല്ലെന്നും നിങ്ങളുടെ രാഷ്ട്രീയത്തിനനുസരിച്ച് മറുപടി പറയാൻ സൗകര്യമില്ലെന്നും ജൂഡ് ചോദ്യകർത്താക്കളായ പ്രേക്ഷകരോട് മറുപടി പറഞ്ഞു.

‘ഞങ്ങൾ ഇവിടെ സംസാരിച്ചത് നിങ്ങൾക്ക് വ്യക്തമായി മനസിലാവാഞ്ഞിട്ടല്ല. മറിച്ച് നിങ്ങൾ സ്ഥിരമായി പിന്തുടരുന്ന രാഷ്ട്രീയമുണ്ട് അതുകൊണ്ട് തന്നെ നിങ്ങൾ അങ്ങനെയാണ് സംസാരിക്കുന്നത്. എനിക്കത് വിഷയമല്ല.

2018 എന്ന സിനിമയിൽ മുഖ്യമന്ത്രിയെ ഞാൻ അപമാനിച്ചിട്ടില്ല എന്നതിൽ വ്യക്തമായ ധാരണയെനിക്കുണ്ട്. സിനിമയിൽ ഞാൻ കാണിച്ചത് കേരളത്തിന്റെ വ്യക്തമായ ഒരുമയാണ്. ഇത്ര നേരം സംസാരിച്ചിട്ട് ഒന്നും മനസിലാവാത്ത പോലെ അഭിനയിക്കുകയാണ് നിങ്ങൾ. എനിക്ക് അതിനോട് ഒന്നും പറയാനില്ല. രാഷ്ട്രീയമല്ല നമ്മൾ സംസാരിക്കേണ്ടത്. എനിക്കൊരു രാഷ്ട്രീയവുമില്ലാത്ത ആളാണ്. പക്ഷെ നിങ്ങളുടെ രാഷ്ട്രീയം എനിക്ക് മനസിലായി. അതിന് വ്യക്തമായി ഉത്തരം പറയാൻ തത്കാലം എനിക്ക് സൗകര്യമില്ല,’ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.

Content Highlight: Jude Anthony’s Replay For Question About 2018 Movie In KLF

We use cookies to give you the best possible experience. Learn more