ആ ചിത്രത്തിലെ നസ്രിയയുടെ പ്രകടനം കണ്ടപ്പോൾ എനിക്ക് തോന്നിയത്, ദൈവമേ ഭയങ്കര ഓവറാണല്ലോ എന്നായിരുന്നു: ജൂഡ് ആന്തണി ജോസഫ്
Entertainment
ആ ചിത്രത്തിലെ നസ്രിയയുടെ പ്രകടനം കണ്ടപ്പോൾ എനിക്ക് തോന്നിയത്, ദൈവമേ ഭയങ്കര ഓവറാണല്ലോ എന്നായിരുന്നു: ജൂഡ് ആന്തണി ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd January 2024, 8:08 am

ജൂഡ് ആന്തണി ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓം ശാന്തി ഓശാന. നസ്രിയ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിൽ നായകനായെത്തിയത് നിവിൻ പോളിയായിരുന്നു.

അൽഫോൺസ് പുത്രൻ ഒരുക്കിയ നേരം എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഓം ശാന്തി ഓശാന. തിയേറ്ററിൽ വലിയ വിജയമായ ചിത്രത്തിലേക്ക് നസ്രിയയെ തെരഞ്ഞെടുത്തതിനെ കുറിച്ച് പറയുകയാണ് സംവിധായകൻ ജൂഡ്.

നസ്രിയ ചെയ്താൽ ആ വേഷം നന്നാവുമെന്ന് പലരും പറഞ്ഞിരുന്നെങ്കിലും നസ്രിയ ഓം ശാന്തി ഓശാനക്ക്‌ മുമ്പ് അഭിനയിച്ച മാഡ് ഡാഡ് എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം കണ്ടപ്പോൾ ഓവറായി തോന്നിയിരുന്നു എന്നാണ് ജൂഡ് പറയുന്നത്. എന്നാൽ പിന്നീട് ഷൂട്ടിന് ശേഷമാണ് നസ്രിയയുടെ കഴിവ് താൻ തിരിച്ചറിഞ്ഞതെന്നും മിർച്ചി മലയാളത്തോട് ജൂഡ് പറഞ്ഞു.

‘അൽഫോൺസ് പുത്രനാണ് നിവിനെയും നസ്രിയേയും ആദ്യമായി കൊണ്ടുവരുന്നത്. ഓം ശാന്തി ഓശാന ചെയ്യുന്നതിന് മുമ്പ് തന്നെ എല്ലാവരും എന്നോട് പറഞ്ഞത് നസ്രിയ ഈ വേഷം ചെയ്താൽ നന്നാവും എന്ന് തന്നെയായിരുന്നു.

നസ്രിയയുടെ മാഡ് ഡാഡ് എന്ന ഒരു സിനിമ ആദ്യമേ ഇറങ്ങിയിരുന്നു. ഞാൻ അത് കാണുകയും ചെയ്തു. അത് കണ്ടപ്പോൾ എനിക്ക് തോന്നിയത് ഭയങ്കര ഓവറാണല്ലോ ദൈവമേ എന്നായിരുന്നു. എനിക്ക് പേടിയായി നസ്രിയയെ എന്റെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാൻ. അതുകൊണ്ട് വേറേ ആളെ നോക്കാം എന്നായിരുന്നു എന്റെ പ്ലാൻ.

അങ്ങനെ ഒരുപാട് പേരെ ഞാൻ ആ സമയത്ത് ട്രൈ ചെയ്തു. പക്ഷേ എന്തോ ഭാഗ്യത്തിന് എനിക്ക് ആ സമയത്ത് ആരെയും കിട്ടിയില്ല. പിന്നീട് നസ്രിയ സിനിമയിലേക്ക് എത്തി. ഷൂട്ട്‌ ചെയ്ത് എഡിറ്റിങ് ടേബിളിൽ ഇരുന്ന് കാണുമ്പോഴാണ് ഞാൻ ആലോചിക്കുന്നത്, നസ്രിയ എന്ത് മാത്രം കഴിവുള്ള കുട്ടിയാണെന്ന്. കാരണം അങ്ങനെയൊന്നും ആർക്കും ചെയ്യാൻ കഴിയില്ല.

ലാലേട്ടനൊക്കെ ചെയ്യുന്ന പോലെ ഭയങ്കര ഈസിയായിട്ട് കഥാപാത്രത്തെ കൊണ്ട് പോവുക എന്നത് വലിയ പ്രയാസമാണ്. എല്ലാവർക്കും അഭിനയിക്കാൻ പറ്റും പക്ഷെ ഇങ്ങനെയൊന്നും ചെയ്യാൻ പറ്റില്ല.

അൽഫോൺസിന്റെ പടത്തിലൂടെ അവർ വന്നത് കൊണ്ട് നിവിൻ – നസ്രിയ പെയർ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതൊരു കിടിലൻ പെയർ ആയിരുന്നു. അതിന് ശേഷം എന്റെ സിനിമയിലൂടെ അവരെ വീണ്ടും കാണാനുള്ള ഭാഗ്യം കിട്ടി,’ജൂഡ് ആന്തണി ജോസഫ് പറയുന്നു.

Content Highlight: Jude Anthony Joseph Talk About Nasriya  And Om shanti Oshana Movie