| Thursday, 15th July 2021, 3:46 pm

സാറാസ് എടുക്കുമ്പോള്‍ ദേഷ്യം നിയന്ത്രിക്കാന്‍ ഒരു പുസ്തകം എടുത്തുവെച്ചിരുന്നു; അനുഭവം പറഞ്ഞ് ജൂഡ് ആന്റണി ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ വേഗം ദേഷ്യം വരുന്ന പ്രകൃതക്കാരനായതുകൊണ്ട് സാറാസ് ചിത്രീകരിക്കുന്ന സമയത്ത് കയ്യില്‍ ഒരു പുസ്തകം കരുതിയിരുന്നെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ആരോടെങ്കിലും ദേഷ്യപ്പെട്ടാല്‍ അത് ആ പുസ്‌കത്തില്‍ എഴുതിവെച്ചിരുന്നെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജൂഡ് പറയുന്നു.

എന്നാല്‍ സാറാസിന്റെ ചിത്രീകരണത്തിനിടയില്‍ താരതമ്യേന ആളുകളോട് ചൂടായത് കുറവായിരുന്നുവെന്നും ബുക്കിലെ പേജുകള്‍ ഉപയോഗിക്കേണ്ടി വന്നില്ലെന്നും ജൂഡ് പറഞ്ഞു.

‘പണ്ടായിരുന്നെങ്കില്‍ ബുക്കില്‍ എഴുതുന്ന ശീലം ഉണ്ടായിരുന്നെങ്കില്‍ ഒരു ബണ്ടില്‍ തന്നെ ഉണ്ടായേനെ. സാറാസ് തുടങ്ങിയപ്പോള്‍ തീരുമാനിച്ചുറപ്പിച്ചാണ് തുടങ്ങിയത്. പൊതുവേ ഗൗരവത്തില്‍ നില്‍ക്കുമ്പോഴാണ് കാര്യം നടക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്,’ ജൂഡ് പറഞ്ഞു.

ദേഷ്യം വന്ന് അബദ്ധങ്ങളൊന്നും പറ്റാതിരിക്കാന്‍ ഓം ശാന്തി ഓശാനയുടെ ആദ്യ ദിവസങ്ങളില്‍ പാവത്തെപ്പോലെയാണ് താന്‍ നിന്നിരുന്നതെന്നും എന്നാല്‍ പിന്നീട് ആ പ്രകൃതം മാറ്റേണ്ടി വന്നുവെന്നും ജൂഡ് ആന്റണി പറയുന്നു.

‘ഒരു കാര്യം കൃത്യസമയത്ത് ചെയ്തില്ലെങ്കിലൊക്കെ എനിക്ക് പെട്ടന്ന് ദേഷ്യം വരും. മര്യാദക്ക് പറഞ്ഞാല്‍ പലതും നടക്കാറില്ല. ഓം ശാന്തി ഓശാനയുടെ ആദ്യ മൂന്നു ദിവസമൊക്കെ ഞാന്‍ ഭയങ്കര പാവമായിരുന്നു. എന്നാല്‍ അന്ന് മാന്യനായിരിക്കുന്ന സമയത്ത് ഞാന്‍ പറഞ്ഞതൊന്നും ആരും കേള്‍ക്കുമായിരുന്നില്ല. മൂന്നാല് ദിവസം കഴിഞ്ഞപ്പോള്‍ ഇങ്ങനെ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞ് തുടങ്ങി,’ ജൂഡിന്റെ വാക്കുകള്‍.

തട്ടത്തിന്‍ മറയത്തില്‍ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്തപ്പോള്‍ ആരോടെങ്കിലും ചൂടാനാവാനുണ്ടായിരുന്നെങ്കില്‍ വിനീത് ശ്രീനിവാസനും ജോമോന്‍ ടി. ജോണും തന്നെയാണ് പറഞ്ഞുവിട്ടിരുന്നതെന്നും ജൂഡ് പറഞ്ഞു.

സ്വന്തമായി സിനിമ ചെയ്യാന്‍ നിവിന്‍ പോളിയാണ് തന്നെ പ്രചോദിപ്പിച്ചതെന്നും നിവിന്‍ പോളി ഇല്ലായിരുന്നുവെങ്കില്‍ ഒരു അഞ്ച് വര്‍ഷം കൂടി കഴിഞ്ഞേ താന്‍ സിനിമ മേഖലയിലേക്ക് വരുമായിരുന്നുള്ളൂവെന്നും അഭിമുഖത്തില്‍ ജൂഡ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Jude Anthony Joseph shares experience about his Character

We use cookies to give you the best possible experience. Learn more