നിവിന്‍ വന്നില്ലായിരുന്നുവെങ്കില്‍ ഇത്ര വേഗം സിനിമ ചെയ്യില്ലായിരുന്നു; ജൂഡ് ആന്റണി ജോസഫ് പറയുന്നു
Entertainment news
നിവിന്‍ വന്നില്ലായിരുന്നുവെങ്കില്‍ ഇത്ര വേഗം സിനിമ ചെയ്യില്ലായിരുന്നു; ജൂഡ് ആന്റണി ജോസഫ് പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th July 2021, 9:49 am

സ്വന്തമായി സിനിമ ചെയ്യാന്‍ നിവിന്‍ പോളിയാണ് തന്നെ പ്രചോദിപ്പിച്ചതെന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. നിവിന്‍ പോളി ഇല്ലായിരുന്നുവെങ്കില്‍ ഒരു അഞ്ച് വര്‍ഷം കൂടി കഴിഞ്ഞേ താന്‍ സിനിമ മേഖലയിലേക്ക് വരുമായിരുന്നുള്ളൂവെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജൂഡ് പറഞ്ഞു.

‘എന്നെ കൈപിടിച്ചുയര്‍ത്തിയതും എനിക്ക് ഒരുപാട് പ്രചോദനം നല്‍കിയതും നിവിനാണ്. നിവിന്‍ ഉള്ളതുകൊണ്ടാണ് ഞാന്‍ പെട്ടെന്ന് സിനിമ ചെയ്തത്. ഇല്ലായിരുന്നുവെങ്കില്‍ ഒരു അഞ്ചു വര്‍ഷം കൂടി കഴിഞ്ഞേ സിനിമയിലേക്ക് വരുമായിരുന്നുള്ളൂ,’ ജൂഡ് പറഞ്ഞു.

ജൂഡ് സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രം ഈയടുത്താണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. സാറാസിലേക്ക് കഥാപാത്രങ്ങളെ ആലോചിച്ചതിനെക്കുറിച്ചും അഭിമുഖത്തില്‍ ജൂഡ് പറഞ്ഞു.

സാറാസിലെ കഥാപാത്രമാകാന്‍ മനസ്സില്‍ ആദ്യം കണ്ടത് അന്ന ബെന്നിനെ ആയിരുന്നുവെന്നാണ് സംവിധായകന്‍ പറഞ്ഞത്.

‘കഥ പറയുമ്പോള്‍ തന്നെ അതിലെ കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സില്‍ വരും. സിനിമ കാണുന്നവര്‍ക്ക് തന്നെ തോന്നാം ഈ കഥാപാത്രം അന്ന ബെന്‍ അല്ലെങ്കില്‍ ആര് ചെയ്യുമെന്ന്. അന്ന ബെന്‍ അല്ലെങ്കില്‍ വേറെ ആരോട് പോയി ഈ കഥ പറയുമെന്ന് ആലോചിച്ചിട്ടില്ല. വേറെ ആരോടേലും പറയുമെന്നും തോന്നുന്നില്ല. അന്ന ബെന്നിനോട് കഥ പറയുന്ന സമയത്ത് തന്നെ എനിക്ക് തോന്നിയ ഒരു ഐഡിയയാണ് ബെന്നി പി. നായരമ്പലത്തിനെ ചിത്രത്തിലെ കഥാപാത്രമാക്കിയത്.

ഇങ്ങനെയൊരു ക്യാരക്ടര്‍ ഉണ്ടെന്ന് ഞാന്‍ ബെന്നി ചേട്ടനോട് പറഞ്ഞപ്പോള്‍ തന്നെ എടാ നമുക്ക് ചെയ്യാടാ എന്നൊക്കെ പറഞ്ഞ് പുള്ളി നല്ല സപ്പോര്‍ട്ടായിരുന്നു. എല്ലാവരും വളരെ പോസിറ്റീവായി സംസാരിച്ചതുകൊണ്ട് മാത്രം സംഭവിച്ചതാണ് ഈ സിനിമ,’ ജൂഡ് പറഞ്ഞു.

അന്ന ബെന്‍, സണ്ണി വെയ്ന്‍, ബെന്നി പി. നായരമ്പലം, മല്ലിക സുകുമാരന്‍, ധന്യ വര്‍മ എന്നിവരാണ് സാറാസില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Jude Anthony Joseph says about Nivin Pauly