| Wednesday, 17th May 2023, 8:45 pm

വക്രബുദ്ധിയുള്ള ചിലരുണ്ട്, അവര്‍ സംഘമായി മറ്റുള്ളവരുടെ സിനിമ മുടക്കാന്‍ ഇറങ്ങിയിരിക്കുകയാണ്: ജൂഡ് ആന്തണി ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ മേഖലയില്‍ വക്രബുദ്ധിയുള്ള ചില ആളുകളുണ്ടെന്നും അവര്‍ സംഘമായി മറ്റുള്ളവരുടെ സിനിമ മുടക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്നും നടനും സംവിധായകനുമായ ജൂഡ് ആന്തണി ജോസഫ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സാറാസ് സിനിമയില്‍ നേരത്തെ റോഷന്‍ മാത്യുവിനെ തീരുമാനിച്ചിരുന്നു എന്നും എന്നാല്‍ മറ്റൊരു നടന്‍ കാരണം റോഷന്‍ അതില്‍ നിന്നും പിന്‍മാറിയെന്നും ജൂഡ് പറഞ്ഞു.

‘സാറാസില്‍ റോഷന്‍ മാത്യു ഉണ്ടായിരുന്നു. ഞാന്‍ റോഷന്റെ വീട്ടില്‍ പോവുകയും സിനിമ ചെയ്യാമെന്ന് അവന്‍ പറയുകയും ചെയ്തിരുന്നു. അതിന് ശേഷം ഞാന്‍ വേറൊരു ക്യാരക്ടര്‍ ചെയ്യാന്‍ വേണ്ടി മറ്റൊരാളെ വിളിച്ചു. പേര് ഞാന്‍ പറയുന്നില്ല. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ചേട്ടാ ഒരു സീനുണ്ട്, എന്റെ സിനിമയില്‍ അഭിനയിക്കണമെന്ന്. നിന്റെ സിനിമ തുടങ്ങിയോ, ആരാണ് നായകന്‍ എന്നൊക്കെ അദ്ദേഹം ചോദിച്ചു. ഞാന്‍ റോഷന്‍ മാത്യുവിന്റെ പേര് പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചത് റോഷന്‍ മാത്യുവോ, നിന്റെ സിനിമയിലോ എന്നാണ്. അതും പറഞ്ഞ് അദ്ദേഹം ഫോണ്‍ വെച്ചു.

അടുത്ത ദിവസം റോഷന്‍ സിനിമയില്‍ നിന്ന് പിന്മാറി. ആ മനുഷ്യന്റെ വലിയ കഴിവായിരുന്നു അത്. അതിന് ശേഷം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഒരാള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നത് ഭയങ്കര മോശം പരിപാടിയാണെന്ന്. ഇവരൊക്കെ ഭയങ്കര വക്രബുദ്ധിയുള്ള ആളുകളാണ്. അവര്‍ സംഘമായി ഇറങ്ങിയിരിക്കുകയാണ് മറ്റുള്ളവരുടെ സിനിമ മുടക്കാന്‍,’ ജൂഡ് പറഞ്ഞു.

തനിക്ക് പണി തന്നിട്ടുള്ള മറ്റൊരാളും മലയാള സിനിമയില്‍ ഉണ്ടെന്ന് ജൂഡ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ഒരു ഭയങ്കര മനുഷ്യനുണ്ട് മലയാള സിനിമയില്‍. ഞാന്‍ അയാളുടെ വലിയ ഫാന്‍ ആണ്. പക്ഷെ അയാള്‍ എനിക്കു കുറെ പണികള്‍ തന്നിട്ടുണ്ട്. ആര്‍ട്ടിസ്റ്റുകളെ മാറ്റുന്നതടക്കമുള്ള പണികള്‍ അദ്ദേഹം തന്നിട്ടുണ്ട്. ജീവിതം മടുക്കും. പേര് ഞാന്‍ പറയുന്നില്ല. കാരണം, എനിക്ക് ഉറപ്പില്ല, ഉണ്ടെങ്കില്‍ പറഞ്ഞേനേ. അയാളോട് എനിക്ക് പറയാനുള്ളത് ഇതാണ്, അളിയാ, നീ നിന്റെ ജോലി കൃത്യമായി എടുക്കുകയാണെങ്കില്‍ നിന്റെ സിനിമ ഓടും. എനിക്ക് പണി തരാന്‍ നോക്കുന്ന സമയം നിനക്ക് നിന്റെ സിനിമ നോക്കിയാല്‍ പോരെ,’ ജൂഡ് ആന്തണി പറഞ്ഞു.

content highlights: Jude Anthony Joseph on his enemies in the film industry

We use cookies to give you the best possible experience. Learn more