| Monday, 19th February 2024, 5:16 pm

വാക്കുകള്‍ കിട്ടാത്ത അവസ്ഥ.... ഭ്രമയുഗത്തിനെക്കുറിച്ച് ജൂഡ് ആന്തണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇറങ്ങിയ ചിത്രമാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. 17ാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയാണ് സിനിമയുടേത്. നിരൂപകപ്രശംസയോടൊപ്പം ബോക്‌സ് ഓഫീസിലും ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്.

സിനിമാമേഖലയിലെ നിരവധിയാളുകള്‍ ആദ്യദിനം തന്നെ സിനിമയെയും മമ്മൂട്ടിയുടെ പ്രകടനത്തെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍ ആദ്യദിനം തന്നെ സിനിമ കണ്ട് മമ്മൂട്ടിയെ അഭിനന്ദിച്ചുകൊണ്ട് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റിട്ടിരുന്നു.

ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. സിനിമ കണ്ട ശേഷം പറയാന്‍ വാക്കുകള്‍ കിട്ടാത്ത അവസ്ഥയെന്നാണ് സംവിധായകന്‍ പോസ്റ്റില്‍ പറയുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം.

‘ഭ്രമയുഗം… വാക്കുകള്‍ കിട്ടാത്ത അവസ്ഥ. ഇത്തരമൊരു ധീരമായ ശ്രമം നടത്തിയതിന് സംവിധായകന്‍ രാഹുല്‍ സദാശിവനും ടീമിനും അഭിനന്ദനങ്ങള്‍. അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനും എന്തൊരു പെര്‍ഫോമന്‍സാണ്. പക്ഷേ ഞാന്‍ അമ്പരന്നത് മമ്മൂക്കയുടെ പ്രകടനത്തിലാണ്. അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ അത്ഭുതപ്പെടുത്തുന്നതാണ്. ഇപ്പോഴും ഞങ്ങളെ പ്രചോദിപ്പിക്കുന്നതില്‍ നന്ദി മമ്മൂക്ക’ ജൂഡ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡില്‍ തന്നെ റെക്കോഡ് കളക്ഷനാണ് ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയെക്കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റു താരങ്ങള്‍. ക്രിസ്‌റ്റോ സേവിയര്‍ സംഗീതസംവിധാനവും ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Content Highlight: Jude Anthony Joseph appreciated Bramayugam

We use cookies to give you the best possible experience. Learn more