|

നാടകീയത കൂടുതലാണെന്ന് തോന്നിയതിനാലാണ് ആ നിവിൻ പോളി സീൻ ഞാൻ ഒഴിവാക്കിയത്: ജൂഡ് ആന്തണി ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ഇറങ്ങി വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. 2018 ൽ കേരളത്തിൽ സംഭവിച്ച മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയത്. ടൊവിനോ തോമസ്, ആസിഫ് അലി, നരേൻ തുടങ്ങിയ വമ്പൻ താരനിര സിനിമയിൽ ഒന്നിച്ചിരുന്നു.

ചിത്രം ഇറങ്ങിയതിന് പിന്നാലെ സിനിമയിൽ നിവിൻ പോളിയെ കൊണ്ടുവരണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് സംവിധായകൻ ജൂഡ് പറഞ്ഞിരുന്നു. എന്നാൽ അത് നിവിൻ പോളി അറിഞ്ഞിട്ടില്ലെന്നും തന്റെ ആഗ്രഹമായിരുന്നുവെന്നും ജൂഡ് പറയുന്നു. എന്നാൽ അങ്ങനെയൊരു സീൻ ഉൾപ്പെടുത്തിയാൽ അതിനാടകീയതയാവുമെന്ന് തോന്നിയതിനാലാണ് ഒഴിവാക്കിയതെന്നും ജൂഡ് കൂട്ടിച്ചേർത്തു.

‘നിവിന് അത് അറിയുക പോലുമില്ല. തിരക്കഥ എഴുതിക്കൊണ്ടിരിക്കുമ്പോൾ റോക്കറ്റ് എന്ന ബസ് കഥാപാത്രമായി. സിനിമയിലിടയ്ക്കിടെ റോക്കറ്റ് ബസിൻ്റെ ഹോണടി കേൾക്കുന്നുണ്ട്. പ്രളയത്തിൽ വൃദ്ധസദനത്തിൽ വെള്ളം കയറി. ലോറിയിൽ അവരെ രക്ഷിക്കാൻ നോക്കി.

പരാജയപ്പെടുന്നു, വെള്ളത്തിൻ്റെ ഒഴുക്കു കൂടുതലായതു കൊണ്ടു ടൊവിനോയുടെ വള്ളത്തിനും അങ്ങോട്ടെത്താനായില്ല. അപ്പോഴാണ് റോക്കറ്റ് ബസ് വരുന്നത്. വൈപ്പർ അടിച്ചാണു വരവ്. ഗ്ലാസിലൂടെ ഡ്രൈവറുടെ മുഖം കാണുന്നു, നിവിൻ പോളി. ഇതായിരുന്നു സിൻ. പക്ഷേ, പിന്നെ തോന്നി നാടകീയത കൂടുതലാണെന്ന്. അങ്ങനെ അതു വേണ്ടെന്നു വച്ചു. ഇത് നിവിൻ പോളി അറിഞ്ഞിട്ടു പോലുമുണ്ടാകില്ല,’ ജൂഡ് ആന്തണി പറയുന്നു.

2018 ന് ശേഷം തനിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും ജൂഡ് കൂട്ടിച്ചേർത്തു

‘ 2018 എന്നെ ഒരു തരി പോലും മാറ്റിയിട്ടില്ല. പലരെയും അങ്ങോട്ടു വിളിച്ച് കഥ കേൾക്കാമോ എന്നു ചോദിക്കുമായിരുന്നു. അവരൊക്കെ ഇങ്ങോട്ടു വിളിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ ഒരു മാസം കഴിഞ്ഞാൽ തീരുമെന്ന് നല്ല ഉറപ്പുണ്ട്. ഈ വിജയം കൊണ്ട് അടുത്ത സിനിമ എളുപ്പമാവും എന്ന ധാരണ ഇല്ല. ഇനിയും നന്നായി അധ്വാനിച്ചാലേ കാര്യമുള്ളൂ,;ജൂഡ് ആന്തണി പറയുന്നു.

Content Highlight: Jude Anthony About Casting Of Nivin Pauly In 2018