വിവാദ പരാമര്‍ശത്തില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചതില്‍ പ്രതികരിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. മമ്മൂട്ടിക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വന്നതില്‍ തനിക്ക് ഖേദമുണ്ടെന്നും അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ അഭിനന്ദമായാണ് തോന്നിയിരുന്നതെന്നുമാണ് ജൂഡ് ആന്തണിയുടെ പ്രതികരണം.
‘എനിക്കാ വാക്കുകള്‍ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു,’ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ജൂഡ് ആന്തണി കമന്റ് ചെയ്തു.
ജൂഡ് ആന്തണിയെ പ്രകീര്‍ത്തിക്കുന്നതിനിടയില്‍ പ്രയോഗിച്ച വാക്കുകളില്‍ ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇനി ഇത്തരം പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നത്.
‘പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ‘ജൂഡ് ആന്തണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി,’ എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.
ജൂഡ് ആന്തണിയുടെ കഷണ്ടിയെ കുറിച്ചുള്ള മമ്മൂട്ടിയുടെ പരാമര്‍ശമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നത്. 2018ല്‍ കേരളത്തെ നടുക്കിയ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വെച്ചായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം. ട്രെയ്‌ലര്‍ കണ്ടതിന് ശേഷം ‘ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ച് മുടി കുറവുണ്ടന്നേയുള്ളു, തലയില്‍ നിറയേ ബുദ്ധിയാണെ’ന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
ഇതോടെ മമ്മൂട്ടി നടത്തിയത് ബോഡി ഷെയിമിങ്ങാണെന്ന വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ഇതിന് മറുപടിയുമായി മമ്മൂട്ടിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ജൂഡ് ആന്തണി അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ‘മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയിമിങ്ങാണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്, എനിക്ക് മുടി ഇല്ലാത്തതില്‍ എനിക്കോ എന്റെ കുടുംബത്തിനോ പ്രശ്‌നമില്ല.
ഇനി അത്രേം കണ്‍സേണ്‍ ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്‍പറേഷന്‍ വാട്ടര്‍, വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്‍,” എന്നാണ് ജൂഡ് ആന്തണി ഫേസ്ബുക്കില്‍ കുറിച്ചത്.
ജൂഡിന്റെ പ്രതികരണത്തിന് ശേഷം ബോഡി ഷെയ്മിങ്ങിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകുകയായിരുന്നു. മമ്മൂട്ടി പറഞ്ഞത് ജൂഡിന് കുഴപ്പമില്ലായിരിക്കാം പക്ഷെ കേള്‍ക്കുന്നവര്‍ക്ക് മുടിയില്ലാത്തത് ഒരു കുറവാണെന്ന് തന്നെ തോന്നുമെന്നും ബോഡി ഷെയ്മിങ്ങ് ഒരിക്കലെങ്കിലും അനുഭവിച്ചവര്‍ക്ക് മമ്മൂട്ടിയെ പോലെ ഒരാള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമമാവുമെന്നും വിമര്‍ശനങ്ങളില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ജൂഡിന് കുഴപ്പമില്ലാത്തതിന്റെ കാരണം പറഞ്ഞത് മമ്മൂട്ടി ആയതുകൊണ്ടാണെന്നും പലരും പ്രതികരിച്ചിരുന്നു. വിനയ് ഫോര്‍ട്ട് പ്രധാന വേഷത്തിലെത്തിയ തമാശ എന്ന ചിത്രത്തെ ആസ്പദമാക്കിയും സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
Content Highlight: Jude Anthany’s reply to Mammoottty’s regret post about the controversial comment about his baldness