| Tuesday, 13th July 2021, 5:53 pm

സാറാസ് എന്ന് പേരിട്ട ശേഷം 'സാറാസ് കറിപൗഡര്‍' ടീമിനെ വിളിച്ച് ബ്രാന്‍ഡ് ചെയ്യാമോയെന്ന് ചോദിച്ചിരുന്നു; ജൂഡ് ആന്തണി ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ചിത്രത്തിന് സാറാസ് എന്ന് പേരിട്ടതിനെപ്പറ്റി തുറന്നുപറയുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. സാറാസ് എന്ന് കേള്‍ക്കുമ്പോള്‍ തന്റെ മനസ്സില്‍ ആദ്യം വരുന്നത് സാറാസ് കറി പൗഡര്‍ ആണെന്നും ജൂഡ് പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജൂഡിന്റെ പരാമര്‍ശം.

എന്നാല്‍ പിന്നെ ചിത്രം ബ്രാന്‍ഡ് ചെയ്യാന്‍ സാറാസിനെ ക്ഷണിച്ചുകൂടായിരുന്നോ എന്ന ചോദ്യത്തിന് ജൂഡ് നല്‍കിയ മറുപടിയും പ്രേക്ഷകര്‍ക്കിടയില്‍ ചിരിപടര്‍ത്തിയിരിക്കുകയാണ്.

‘പടത്തിന് പേരിടാന്‍ വളരെയധികം സമയമെടുക്കുന്നയാളാണ് ഞാന്‍. കുറേ പേര് നോക്കി. കഥാപാത്രത്തിന്റെ പേരിടാന്‍ ഒക്കെ നോക്കി. പക്ഷെ അതെല്ലാവരും ചെയ്യുന്നതാണ്. അങ്ങനെ ആലോചിച്ച് ആലോചിച്ച് പെട്ടെന്ന് തോന്നിയ ഒരു പേരാണ് സാറാസ്. ശരിക്കും അര്‍ത്ഥമുള്ള വാക്കാണ് സാറാസ്. വെറുതെ ഇട്ടതല്ലെന്ന് പടം കാണുന്നവര്‍ക്ക് മനസ്സിലാകും. പക്ഷെ സാറാസ് എന്ന് ആദ്യം കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത് സാറാസ് കറിപൗഡര്‍ തന്നെയാണ്. പടത്തിനായി ബ്രാന്‍ഡ് ചെയ്യാമോ എന്ന് ശരിക്കും ഞാന്‍ സാറാസിനോട് ചോദിച്ചതാ. പക്ഷെ അവര്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു,’ ജൂഡ് പറഞ്ഞു.

അന്ന ബെന്നും സണ്ണി വെയ്‌നുമാണ് സാറാസില്‍ പ്രധാന വേഷത്തിലെത്തുന്നത്. കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇരുന്നോറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊവിഡ് സുരക്ഷ പൂര്‍ണമായി ഒരുക്കിയായിരുന്നു ചിത്രത്തിന്റെ ഷൂട്ട്.

അന്ന ബെന്നിനൊപ്പം ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ക്ലാസ്മേറ്റ്‌സ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ മുരളീധരനുമാണ് ചിത്രം നിര്‍മ്മിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Jude Anthany Reveals Story About Naming Sara’s Film

We use cookies to give you the best possible experience. Learn more