| Wednesday, 10th May 2023, 1:57 pm

നായകനില്ലാതെ കഷ്ട്ടപ്പെട്ടപ്പോൾ പെപ്പെയെ വിളിക്കാമെന്ന് പ്രൊഡ്യൂസർ; പട്ടിണി കിടന്നാലും വിളിക്കില്ല: ജൂഡ് ആന്തണി ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ചിത്രത്തിൽ നായകനില്ലാതെ വന്നപ്പോൾ പെപ്പെയെ കാസ്റ്റ് ചെയ്യാൻ പ്രൊഡ്യൂസർ പറഞ്ഞിരുന്നുവെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് എന്നാൽ പട്ടിണി കിടന്നാലും ആന്റണി വർഗീസ് പെപ്പെയെ ചിത്രത്തിലേക്ക് വിളിക്കില്ലെന്നാണ് ജൂഡ് മറുപടി നൽകിയത്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

വിരലിലെണ്ണാവുന്ന ചിലർ കാരണം എല്ലാവര്ക്കും ചീത്തപ്പേരുണ്ടാവുകയാണെന്നും ഇവൻമാരെയൊക്കെ ആരും സിനിമയിൽ വിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘സണ്ണി വെയിൻ, ടൊവിനോ, നിവിൻ, ദുൽഖർ, ആസിഫ്, ചാക്കോച്ചൻ ഇവരെക്കൊണ്ടൊന്നും ഒരു കുഴപ്പവുമില്ല. പക്ഷെ ഈ ലഹരിമരുന്നിനടിമപ്പെട്ട ചില മത്തങ്ങാ തലയൻമാർ കാരണം മലയാള സിനിമക്കുതന്നെ പേരുദോഷമായി.

മമ്മൂക്കയോടൊക്കെ ഇതുപറഞ്ഞാൽ അദ്ദേഹത്തിന് ഇത് മനസിലാകില്ല. കാരണം മമ്മൂക്ക ഒന്നും ഇതിന്റെ ആളേയല്ല. ലാലേട്ടൻ, സുരേഷേട്ടൻ, ജയറാമേട്ടൻ, ദിലീപേട്ടൻ, കുഞ്ചാക്കോ ബോബൻ എന്നിവരെല്ലാം നല്ല മനുഷ്യരാണ്.

വിരലിലെണ്ണാവുന്ന കുറച്ച് മണ്ടൻമാർ കാരണം എല്ലാവര്ക്കും അതൊരു ചീത്തപ്പേരാണ്. അത് നമ്മൾ തന്നെ മാറ്റണം. ഇവന്മ്മാരെയൊക്കെ ഒതുക്കണം, അതായത് ആരും സിനിമയിലേക്ക് വിളിക്കണ്ട.

എന്റെ ചിത്രത്തിൽ നായകനില്ലത്തെ ഞാൻ കഷ്ടപ്പെട്ട സമയത്ത് പ്രൊഡ്യൂസർ എന്നോട് പറഞ്ഞു ഈഗോ കാണിക്കരുത് പെപ്പെയെങ്കിൽ പെപ്പെ എന്ന്പറഞ്ഞു.

എന്റെ ജീവിതത്തിൽ ഞാൻ പട്ടിണി കിടന്നാലും പേപ്പേയെ വിളിക്കില്ലാന്ന്പറഞ്ഞു. ജീവിതത്തിൽ ഒരു സമയത്തും ഞാൻ വിളിക്കില്ല. അവൻ അത്രയും എന്റെ പ്രൊഡ്യൂസറെ കരയിപ്പിച്ചതാണ് . അതുകൊണ്ട് ഞാൻ വിളിക്കില്ലെന്ന് പറഞ്ഞു. കാരണം പ്രൊഡ്യൂസറിന്റെ കണ്ണുനീർ ഞാൻ കണ്ടതാണ്.

പേപ്പേയെ ഒരു സിനിമയിലും ഞാൻ വിളിക്കില്ല. അത് ഞാൻ തീരുമാനിച്ചിരിക്കുന്നതാണ്. എല്ലാവരും വൃത്തികേട് കാണിക്കുന്ന എല്ലാവരെയും മാറ്റി നിർത്തണം.

ഭാസിയോ, ഷെയ്ൻ നിഗമോ വീട്ടിലിരുന്ന് കഞ്ചാവുവലിക്കുകയോ, മയക്കുമരുന്നുവലിക്കുകയോ ചെയ്യട്ടെ. എന്തിനാണ് ഇവരുടെ പുറകെ പോകുന്നത്. അവരുടെ കേസ് വിടൂ. എത്ര പിള്ളേർ പുറത്തുനിൽക്കുന്നു, എന്തുമാത്രം കഴിവുള്ള ആളുകൾ പുറത്തു വെയിറ്റ് ചെയ്യുകയാണ്. അങ്ങനെ സിനിമ ചെയ്താൽ പോരെ,’ ജൂഡ് പറഞ്ഞു.

പത്തുലക്ഷം രൂപ അഡ്വാൻസ് വാങ്ങിയിട്ട് സാറാസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് 18 ദിവസം മുൻപ് ആന്റണി വർഗീസ് പിന്മാറിയെന്നും കുറെ നാളുകൾക്കുശേഷമാണ് പണം തിരികെ നല്കിയതെന്നുമുള്ള സംഭവം ജൂഡ് മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

2018 ആണ് അവസാനമിറങ്ങിയ ജൂഡിന്റെ ഏറ്റവും പുതിയ ചിത്രം. സാങ്കേതികമായും കഥയുടെ മികവിലും 2018 എന്ന ജൂഡ് ചിത്രം വൻ ജനശ്രദ്ധ നേടി. ആസിഫ് അലി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, അജു വർഗീസ്, തൻവി റാം, അപർണ്ണ ബാലമുരളി തുടങ്ങിയ നീണ്ട താര നിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്‌.

Content highlights: Jude Anthany on Antony Varghese Peppe

We use cookies to give you the best possible experience. Learn more