Advertisement
Entertainment
ആ സംവിധായകന്റെ ശിഷ്യന്മാരായാല്‍ സിനിമയില്‍ ഏത് റോളിലും വിജയിക്കാനാകും, അത് സത്യം: ജൂഡ് ആന്തണി ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 21, 11:14 am
Tuesday, 21st January 2025, 4:44 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ജൂഡ് ആന്തണി ജോസഫ്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി സിനിമയിലേക്ക് വന്ന ജൂഡിന്റെ ആദ്യ ചിത്രം 2014ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓശാനയായിരുന്നു. മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നായിരുന്നു അത്. 2023ല്‍ ജൂഡ് സംവിധാനം ചെയ്ത സിനിമയായിരുന്നു 2018. കേരളത്തിലെ പ്രളയത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രം റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.

വിനീത് ശ്രീനിവാസനെ കുറിച്ച് സംസാരിക്കുകയാണ് ജൂഡ് ആന്തണി ജോസഫ്. വിനീതിന്റെ ശിഷ്യന്മാരായാല്‍ സിനിമയില്‍ ഏത് റോളിലും വിജയിക്കാനാകും എന്നാണ് പറയാറുള്ളതെന്നും അത് സത്യമാണെന്നും ജൂഡ് ആന്തണി ജോസഫ് പറയുന്നു. അത്രയും സ്വാതന്ത്ര്യമാണ് വിനീത് ശ്രീനിവാസന്‍ ഒപ്പമുള്ളവര്‍ക്ക് നല്‍കുന്നത് എന്നും അദ്ദേഹം പറയുന്നു.

സംവിധാനത്തേക്കാള്‍ എളുപ്പമുള്ള പരിപാടിയാണ് അഭിനയമെന്ന് തോന്നിയിട്ടുണ്ടെന്നും രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടില്‍ അത്യാവശ്യം പൈസ കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017ല്‍ താന്‍ നായകനായി സിനിമ വരേണ്ടതായിരുന്നുവെന്നും അത് പിന്നീട് അവര്‍ വേണ്ടെന്നുവെച്ചുവെന്നും ജൂഡ് ആന്തണി ജോസ് പറഞ്ഞു.

‘വിനീതിന്റെ ശിഷ്യന്മാരായാല്‍ സിനിമയില്‍ ഏതു റോളിലും വിജയിക്കാനാകും എന്നാണ് പറയുന്നത്. അത് സത്യവുമാണ്. അത്രയും സ്വാതന്ത്ര്യമാണ് വിനീത് ഒപ്പമുള്ളവര്‍ക്ക് നല്‍കുന്നത്.

ഇ.എം.ഐ എങ്ങനെ അടയ്ക്കണം എന്നാലോചിച്ച് ഇരിക്കുമ്പോഴാകും അഭിനയിക്കാനായി ആരെങ്കിലും വിളിക്കുന്നത്. സംവിധാനത്തെക്കാള്‍ അഭിനയം എനിക്ക് എളുപ്പമുള്ള പരിപാടിയാണ്. രാവിലെ സീന്‍ കാണുന്നു അഭിനയിക്കുന്നു, തിരിച്ചു പോരുന്നു. രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിന് അത്യാവശ്യം പൈസ കിട്ടും. സംവിധാനം ചെയ്യുമ്പോള്‍ തലയില്‍ തീച്ചട്ടിയും വച്ചിട്ടുള്ള പാച്ചിലാണ്.

സെറ്റപ് കാണുമ്പോള്‍ റിലീസ് ആകാന്‍ സാധ്യതയില്ലെന്ന് തോന്നിക്കുന്ന ചില സിനിമകളില്‍ മുമ്പ് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. 2017ല്‍ ഞാന്‍ നായകനായി സിനിമ വരേണ്ടതായിരുന്നു. അത് പിന്നീട് അവര്‍ വേണ്ടെന്നു വെച്ചു,’ ജൂഡ് ആന്തണി ജോസഫ് പറയുന്നു.

Content highlight: Jude Anthany Joseph talks about Vineeth sreenivasan