മമ്മൂട്ടിയെ നായകനാക്കി ഒരു വലിയ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് പറയുകയാണ് ജൂഡ് ആന്തണി. താന്‍ എന്നാണ് കഥയുമായി വരുന്നതെന്ന് മമ്മൂട്ടി ചോദിച്ചിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് നല്ല ഒരു കഥ കൊടുക്കാന്‍ പറ്റിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
മനോരമ ന്യൂസ് മേക്കര്‍ ഓഫ് ദി ഇയര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജൂഡ്. മമ്മൂട്ടിയുടെ ആത്മകഥ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അതിന് സമ്മതിക്കുന്നില്ലെന്നും ജൂഡ് ആന്തണി കൂട്ടിച്ചേര്‍ത്തു.
‘മമ്മൂക്കയെ നായകനാക്കി ഒരു വലിയ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നീ എന്നാണ് കഥയുമായി വരുന്നതെന്ന് മമ്മൂക്ക ചോദിച്ചിട്ടുമുണ്ട്. എന്നിട്ട് പോലും എനിക്ക് നല്ല ഒരു കഥ കൊടുക്കാന്‍ പറ്റിയിട്ടില്ല.
അദ്ദേഹത്തിന്റെ ആത്മകഥ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ മമ്മൂക്ക അതിന് സമ്മതിക്കുന്നില്ല. ആ സിനിമ ഓം ശാന്തി ഓശാനക്ക് മുമ്പ് ചെയ്യാന്‍ വെച്ചിരുന്നതാണ്. അത് ഒരു ഉഗ്രന്‍ കഥയായിരുന്നു.
വൈക്കം പോലെ ഒരു ഗ്രാമത്തില്‍ നിന്നും വന്ന സാധാരണക്കാരനായ പയ്യന്‍ സിനിമനടനാവണമെന്ന് ആഗ്രഹിച്ച് മെഗാസ്റ്റാറായ കഥയാണ്. അന്ന് ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. എന്നിട്ട് പോലും നീ അത് ചെയ്തോ എന്ന് പറഞ്ഞ ആളാണ് മമ്മൂക്ക.
ഞാന്‍ തന്നെയാണ് എഴുതുന്നതെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക എഴുതി വരാന്‍ പറഞ്ഞു. ഞാനെഴുതിവന്നത് അത്ര ശരിയാവാത്തത് കൊണ്ടാവും അദ്ദേഹം അതിന് പച്ചക്കൊടി കാണിച്ചില്ല. പിന്നീട് മറ്റൊരു സിനിമ എനിക്ക് വന്നപ്പോള്‍ അത് ചെയ്യാന്‍ അദ്ദേഹം പറഞ്ഞു.
അതിന് ശേഷം ഞാന്‍ അതിനെ പറ്റി സംസാരിച്ചപ്പോള്‍, എന്റെ ജീവിതം അങ്ങനെ സിനിമയാക്കാനുള്ളതൊന്നും ഇല്ല, ഞാന്‍ അത്രക്കുള്ള ആളായിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ ഞാന്‍ വിട്ടിട്ടില്ല, ഞാന്‍ ഇപ്പോഴും അതിന്റെ പിറകേ തന്നെയുണ്ട്,’ ജൂഡ് ആന്തണി പറഞ്ഞു.
Content Highlight: Jude Anthany Joseph Talks About Mammootty