Cinema
2018 സിനിമ കണ്ട രജിനി സാര്‍ അന്ന് ഒരു കാര്യം മാത്രമാണ് ചോദിച്ചത്: ജൂഡ് ആന്തണി ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 25, 04:18 pm
Wednesday, 25th September 2024, 9:48 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ജൂഡ് ആന്തണി ജോസഫ്. 2014ല്‍ പുറത്തിറങ്ങിയ ഓം ശാന്തി ഓശാനയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം. മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നായിരുന്നു അത്. 2023ല്‍ ജൂഡ് സംവിധാനം ചെയ്ത സിനിമയായിരുന്നു 2018.

കേരളത്തിലെ പ്രളയത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമായിരുന്നു ഇത്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, നരേന്‍, ലാല്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു 2018നായി ഒന്നിച്ചത്. ഇപ്പോള്‍ 2018 സിനിമ കണ്ടിട്ട് സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് എന്താണ് പറഞ്ഞതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ജൂഡ് ആന്തണി ജോസഫ്.

‘2018 സിനിമ കണ്ടിട്ട് അത് എങ്ങനെയാണ് ഷൂട്ട് ചെയ്തത് എന്നാണ് രജിനി സാര്‍ ചോദിച്ചത്. ഒരു ടാങ്ക് ഉണ്ടാക്കിയിട്ട് അതില്‍ വെള്ളം നിറച്ചതും വീടുകള്‍ സെറ്റ് ചെയ്തതും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

സാര്‍ അപ്പോള്‍ പറഞ്ഞത് അത് വളരെ റിയലിസ്റ്റിക്കായി തോന്നിയിരുന്നു എന്നായിരുന്നു. ഗംഭീരമായിരിക്കുന്നുവെന്നും പറഞ്ഞു. അത്രമാത്രമാണ് അദ്ദേഹം പറഞ്ഞത്. വേറൊന്നും പറഞ്ഞില്ല,’ ജൂഡ് ആന്തണി ജോസഫ് പറയുന്നു.

ഒരു സിനിമ കണ്ടാല്‍ എല്ലാവര്‍ക്കും അതിനെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും അയാളുടെ മാത്രം ചോയ്‌സാണെന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു.

‘ഒരു സിനിമ കണ്ടിട്ട് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എപ്പോഴും എല്ലാവര്‍ക്കുമുണ്ട്. അതില്‍ നമുക്ക് ഒന്നും പറയാന്‍ പറ്റില്ല. ഒരു സിനിമ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും അയാളുടെ മാത്രം ചോയ്‌സാണ്. ഒരാള്‍ക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.

ഒരു പടം പുറത്തിറങ്ങി ആയിരം ദിവസമായാലും ഒരാഴ്ച ആയാലും അതിനെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. കാരണം ഒരിക്കലും ഒരു മോശം സിനിമയെ എഴുത്തിലൂടെ വിജയിപ്പിക്കാനോ ഒരു നല്ല സിനിമയെ എഴുത്തിലൂടെ തോല്‍പ്പിക്കാനോ സാധിക്കില്ല,’ ജൂഡ് ആന്തണി ജോസഫ് പറയുന്നു.

Content Highlight: Jude Anthany Joseph Talks About 2018 Movie And Rajinikanth