| Wednesday, 10th May 2023, 8:01 am

ആ ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചത് ശ്രീനാഥ് ഭാസിയെ; അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ: ജൂഡ് ആന്തണി ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്ന ബെന്‍, സണ്ണി വെയ്ന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് സാറാസ്. കുട്ടികള്‍ വേണോ വേണ്ടയോ എന്ന സ്ത്രീയുടെ ചോയ്‌സിനെ കേന്ദ്രീകരിച്ച് നിര്‍മിച്ച ചിത്രത്തിന് വലിയ നിരൂപക പ്രശംസ ലഭിച്ചിരുന്നു.

ചിത്രത്തില്‍ സണ്ണി വെയ്‌ന് പകരം ആദ്യം നായകനായി ആലോചിച്ചിരുന്നത് ശ്രീനാഥ് ഭാസിയെ ആയിരുന്നു എന്ന് പറയുകയാണ് ജൂഡ്. ശ്രീനാഥിനോട് താന്‍ കഥ പറയാന്‍ വേണ്ടി പോയതാണെന്നും എന്നാല്‍ എന്തോ ദൈവവിളി വന്ന് താന്‍ സണ്ണി വെയ്‌നിലേക്ക് തന്നെ എത്തുകയായിരുന്നു എന്നും ജൂഡ് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ജൂഡ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സണ്ണി വെയ്‌നെ വെച്ചാണ് ഞാന്‍ സാറാസ് ചെയ്തത്. സണ്ണി എന്റെ കൂട്ടുകാരനാണ്. സണ്ണി വെയ്‌ന് മുമ്പ് ശ്രീനാഥ് ഭാസിയെ വെച്ച് പടം ചെയ്താലോ എന്ന് ആലോചിച്ചു. വണ്ടി എടുത്ത് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി. ഇടപ്പള്ളി പള്ളി എത്തിയപ്പോള്‍ എനിക്ക് എന്തോ ദൈവവിളി വന്നു. ഞാന്‍ ഭാസിയെ വിളിച്ചു. മച്ചാനേ ഞാന്‍ ഇവിടെ ഉണ്ട്, കാരവാനിലേക്ക് പോരെന്ന് പറഞ്ഞു. ഞാന്‍ പോയില്ല.

അവിടെ നിന്നും വണ്ടിക്ക് യൂടേണ്‍ എടുത്ത് വീട്ടില്‍ പോയി. നേരെ സണ്ണിയെ വിളിച്ചു. അവനോട് പോയി കഥ പറഞ്ഞു. പടം ചെയ്തു. ഭാസിയെ വെച്ചിരുന്നെങ്കില്‍ എന്താകുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. ശാന്ത മുരളി എന്നൊരു സാധാരണ പ്രൊഡ്യൂസറാണ് ആ ചിത്രം ചെയ്തത്.

സണ്ണി, നിവിന്‍, ടൊവിനോ, ദുല്‍ഖര്‍, ആസിഫ്, ചാക്കോച്ചന്‍ എന്നിങ്ങനെ എനിക്കറിയാവുന്ന ഒരുപാട് പേരുണ്ട്. പക്ഷേ ഈ ലഹരി മരുന്നിന് അടിമപ്പെട്ട കുറച്ച് മത്തങ്ങത്തലയന്മാര് കാരണം മലയാള സിനിമക്ക് പേരുദോഷമാണ്,’ ജൂഡ് ആന്തണി പറഞ്ഞു.

പ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ 2018 ആണ് പുതുതായി തിയേറ്ററിലെത്തിയ ജൂഡിന്റെ ചിത്രം. ടൊവിനോ തോമസ്, ആസിഫ് അലി, നരേയ്ന്‍, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, തന്‍വി റാം, ലാല്‍ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ എത്തിയത്.

Content Highlight: Jude anthany joseph says that Sreenath Bhasi was initially thought of as the lead role in sara’s movie 

We use cookies to give you the best possible experience. Learn more