2018ല്‍ കേരളം നേരിട്ട പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടയില്‍ ചിത്രത്തിനെതിരെ വിമര്‍ശനമുന്നയിച്ച് എഴുത്തുകാരിയായ ഡോ. പി. എസ്. ശ്രീകല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
ഗവണ്‍മെന്റ് സ്ഥാപനങ്ങളെയും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയുടെ പങ്കിനേയും കാര്യമായി ചിത്രത്തില്‍ അവതരിപ്പിച്ചില്ല എന്നായിരുന്നു അവരുന്നയിച്ച വിമര്‍ശനം.
ശ്രീകലയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് ജൂഡ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വെള്ളപ്പൊക്കമുണ്ടാക്കിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പടത്തില്‍ ചീഫ് മിനിസ്റ്റര്‍ ഒരു നെഗറ്റീവ് റോള്‍ അല്ലെന്നും ജൂഡ് പറഞ്ഞു. തന്റെ ചിത്രം എങ്ങനെ അവതരിപ്പിക്കണമെന്നത് തന്റെ ഇഷ്ടമാണെന്നും അതില്‍ താന്‍ വിശ്വസിക്കുന്ന ഒരു സത്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ചിത്രത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ ഉദ്യോഗസ്ഥരെയോ മോശമായി അവതരിപ്പിച്ചിട്ടില്ലെന്നും റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ജൂഡ് പറഞ്ഞു.
‘അത് ഓരോരുത്തരുടെയും ഇഷ്ടമല്ലേ. ഈ പറഞ്ഞ കക്ഷി ഏതെങ്കിലും ബുക്ക് എഴുതിയിട്ടുണ്ടെങ്കില്‍ ഞാന്‍ ഒരിക്കലും അവരോട് ഇങ്ങനെയല്ല എഴുതേണ്ടത് എന്ന് പറയില്ല. അവരുടെ ഫേസ്ബുക്ക് പോസ്റ്റ് എങ്ങനെ എഴുതണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്. അതില്‍ അവര്‍ വിശ്വസിക്കുന്ന സത്യങ്ങളുണ്ടാവും.
ഞാന്‍ വിശ്വസിക്കുന്ന ഒരു സത്യമുണ്ട്. ഞാന്‍ ആരെയും കുറ്റം പറഞ്ഞിട്ടില്ല. ഈ പടത്തില്‍ എവിടെയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വെള്ളപ്പൊക്കമുണ്ടാക്കി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പാഴാണ് എന്ന് പറയുന്നത്. എല്ലാവരും ഒന്നിച്ച് നിന്ന കഥയേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. അതെല്ലാം സത്യമാണ്. അവരുടെ ആഗ്രഹങ്ങള്‍ പലതും ഉണ്ടാവും സിനിമ ചെയ്യുന്ന സമയത്ത്.
സാറാസ് ചെയ്യുന്ന സമയത്തും ഇങ്ങനെ ചെയ്തൂടെ എന്ന് ചോദിച്ചവരുണ്ട്. അവര്‍ സിനിമ ചെയ്യുമ്പോള്‍ അങ്ങനെ ചെയ്തോട്ടെ. ഞാന്‍ ഉള്ള കാര്യം ഉള്ള പോലെ പറഞ്ഞിട്ടുണ്ട്. അതിനു പകരം മുഖ്യമന്ത്രിയെയോ അല്ലെങ്കില്‍ മറ്റാരെയെങ്കിലുമോ പൊക്കി പറഞ്ഞിട്ടില്ല. ഇതില്‍ മനുഷ്യരെയാണ് പൊക്കി പറഞ്ഞിട്ടുള്ളത്. അതിനകത്ത് മുഖ്യമന്ത്രി അടക്കം എല്ലാവരും വരുന്നുണ്ട്.
എന്റെ പടത്തില്‍ ചീഫ് മിനിസ്റ്റര്‍ ഒരു നെഗറ്റീവ് റോള്‍ ആയിരുന്നില്ല. ജനങ്ങളെ രക്ഷിക്കാന്‍ നമ്മള്‍ എന്ത് ചെയ്യും എന്ന് വ്യാകുലപ്പെടുന്ന ഒരു ചീഫ് മിനിസ്റ്ററെയാണ് ഞാന്‍ സിനിമയില്‍ കാണിച്ചിട്ടുള്ളത്. അല്ലാതെ ജനങ്ങള്‍ മുങ്ങി ചാവട്ടെ എന്ന് വിചാരിച്ച ചീഫ് മിനിസ്റ്ററെ ഞാന്‍ കാണിച്ചിട്ടില്ല. അവര്‍ പറയുന്ന പോലെ ഞാന്‍ സിനിമയെടുക്കണമെന്നാണെങ്കില്‍ പിന്നെ അവര്‍ക്ക് തന്നെ ചെയ്താല്‍ പോരെ,’ ജൂഡ് ആന്തണി പറഞ്ഞു.
Content Highlight: Jude anthany joseph’s reply for Srikala’s criticisms