| Monday, 26th July 2021, 11:17 am

പാര്‍വ്വതിയ്ക്കും എം.എം. മണിയ്ക്കുമെതിരെ പറഞ്ഞത് തെറ്റ്, അങ്ങനെ പറയാന്‍ പാടില്ലായിരുന്നു: ജൂഡ് ആന്തണി ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുന്‍ മന്ത്രി എം.എം. മണിയ്ക്കും നടി പാര്‍വ്വതിക്കുമെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റായിരുന്നെന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. മനോരമ ന്യൂസിലെ നേരെ ചൊവ്വേയിലായിരുന്നു ജൂഡിന്റെ പ്രതികരണം.

സാറാസ് സിനിമയുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിക്കവെയാണ് ജൂഡ് എം.എം. മണിയ്‌ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ തെറ്റുപറ്റിയെന്ന് തുറന്ന് സമ്മതിച്ചത്.

‘എം.എം. മണി മന്ത്രിയായിരുന്നപ്പോള്‍ ‘ അങ്ങനെ ആയിരുന്നെങ്കില്‍ സ്‌കൂളില്‍ പോകേണ്ടിയിരുന്നില്ല’ എന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത് തെറ്റായിരുന്നു. കാരണം പിന്നീടാണ് അദ്ദേഹത്തിന് സ്‌കൂളില്‍ പോകാന്‍ പറ്റാതിരുന്ന സാഹചര്യത്തെക്കുറിച്ചൊക്കെ ഞാന്‍ മനസിലാക്കുന്നത്. ജീവിതാനുഭവങ്ങള്‍ ഏറെയുള്ള ആളാണ് അദ്ദേഹമെന്നും അറിഞ്ഞത് പിന്നീടാണ്. വിദ്യാഭ്യാസമല്ല ഒരു മന്ത്രിയാകാനുള്ള മാനദണ്ഡം എന്ന് മനസിലായത് പിന്നീടാണ്. അതെനിക്ക് പറ്റിയ തെറ്റാണ്.

രണ്ടാമത് അദ്ദേഹം മത്സരിച്ച് വിജയിച്ചപ്പോള്‍ അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്,’ ജൂഡ് പറഞ്ഞു.

2016ലെ തെരഞ്ഞെടുപ്പില്‍ എം.എം. മണി വിജയിച്ച് മന്ത്രിയായപ്പോഴായിരുന്നു ജൂഡ് അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘വെറുതെ സ്‌കൂളില്‍ പോയി സമയം കളഞ്ഞ്’ എന്നായിരുന്നു ജൂഡിന്റെ പോസ്റ്റ്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി പാര്‍വ്വതിയുടെ പരാമര്‍ശത്തോട് താന്‍ പ്രതികരിച്ചത് വളരെ മോശമായിട്ടായിരുന്നുവെന്നും ജൂഡ് പറഞ്ഞു.

‘ഒരു ഹിന്ദി ഇന്റര്‍വ്യൂവിലാണ് പാര്‍വ്വതി കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന തരത്തില്‍ പറഞ്ഞതെന്നാണ് ഓര്‍മ. അവര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് പോലും എനിക്ക് ഉറപ്പില്ല. കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ പ്രതികരിച്ചു. കാരണം, എന്റെ സിനിമകളിലോ, എന്റെ കൂട്ടുകാരുടെ സിനിമകളിലോ, ഇനി എനിക്ക് അറിയാവുന്നവരുടെ സിനിമകളിലോ ഞാന്‍ അത് കേട്ടിട്ടുകൂടിയില്ല.

ഒരാള്‍ അങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് അപ്പോള്‍ മറുപടി നല്‍കുകയാണ് വേണ്ടത്. അതിന് പകരം, ഞാന്‍ അതിന് ഉപയോഗിച്ച വാക്കുകള്‍ വളരെ മോശമാണ്. അത് ഇട്ടപ്പോള്‍ തന്നെ എന്റെ ഭാര്യ പറഞ്ഞു, നിങ്ങള്‍ സ്ത്രീവിരുദ്ധതയാണ് ഇട്ടിരിക്കുന്നത് എന്ന്. പക്ഷെ അപ്പോഴേക്കും പോസ്റ്റ് വൈറല്‍ ആവുകയായിരുന്നു,’ ജൂഡ് പറഞ്ഞു.

പാര്‍വ്വതിക്കെതിരെ ജൂഡിന്റെ പരാമര്‍ശവും വലിയ രീതിയില്‍ വിവാദമായിരുന്നു.

‘ഒരു കുരങ്ങ് സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു, ഒടുവില്‍ അഭ്യാസിയായി നാടുമുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസുകാരെയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്ന് വെച്ച് കാട്ടില്‍ പോകാമായിരുന്നു അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലേ,’ എന്നായിരുന്നു ജൂഡ് അന്ന് പാര്‍വ്വതിക്കെതിരായി നടത്തിയ പരാമര്‍ശം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Jude Anthany Joseph opens about his bad comments on M M Mani and Parvathy Thiruvoth

We use cookies to give you the best possible experience. Learn more